ഹമീർപൂർ :ഹിമാചൽ പ്രദേശിലെ ഹമീർപൂർ ജില്ലയിൽ ജലവിതരണം വേഗത്തിൽ പുന:സ്ഥാപിച്ച് ജൽശക്തി ഉദ്യോഗസ്ഥർ. സംസ്ഥാനത്ത് മഴ തുടരുന്നതിനിടെയാണ് ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാനായി ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിച്ചത്. മഴക്കെടുതി കാരണം ജലസ്രോതസ്സുകൾ പലതും ഉപയോഗ ശൂന്യമായിരുന്നു. ഇവ ശ്രദ്ധയില്ലാതെ ഉപയോഗിക്കുന്നത് ജലജന്യരോഗങ്ങൾക്ക് കാരണമാകുമെന്ന് ജൽ ശക്തി വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വെള്ളം ഉപയോഗിക്കുന്നതിന് മുൻപ് ഏകദേശം 20 മിനുട്ടോളം ചൂടാക്കണമെന്ന് ജൽശക്തി സൂപ്രണ്ടിംഗ് എഞ്ചിനീയർ നീരജ് ഭോഗൽ നിർദ്ദേശം നൽകി. വെള്ളം തിളപ്പിക്കാനും, വെള്ളം സംഭരിക്കുന്നതിനും ഉപയോഗിക്കുന്ന പാത്രങ്ങളും ടാങ്കുകളും വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ശുദ്ധമായ കുടിവെളളം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ഉദ്യോഗസ്ഥർക്കും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്ന് കുടിവെളളം കിട്ടാതെ ദുരിതത്തിലായിരുന്നു ജനങ്ങൾ. ചെളി വെളളമാണ് ആളുകൾക്ക് ലഭിക്കുന്നതെന്ന പരാതി ഉയർന്നിരുന്നു. ശുദ്ധമായ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണെന്നും ഭീമമായ തുക ചിലവഴിക്കേണ്ടി വരികയാണെന്നും ജനം ആരോപിച്ചിരുന്നു. 1,700 രൂപ കൊടുത്ത് ടാങ്ക് ഉടമകളിൽ നിന്ന് വെള്ളം വാങ്ങിക്കാൻ തങ്ങൾ നിർബന്ധിക്കപ്പെട്ടതായാണ് ജനങ്ങൾ പരാതിപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജനങ്ങൾക്ക് ഉടൻ ശുദ്ധജലം ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജൽശക്തി സൂപ്രണ്ടിംഗ് എഞ്ചിനീയർ നീരജ് ഭോഗൽ നിർദ്ദേശം നൽകിയത്.
മഞ്ഞപിത്തം പോലെയുളള ജല -ജന്യ രോഗങ്ങളിൽ നിന്നും ജില്ല മുക്തമായി വരികയാണെന്നും, വെളളത്തിന്റെ സാംമ്പിൾ പരിശോധിക്കാനായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും പരിശോധന കിറ്റ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത വകുപ്പ് ജാഗ്രത നിർദ്ദേശവും ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
Discussion about this post