ന്യൂഡൽഹി: സിറിയയിൽ നിന്നുളള കൂടുതൽ വിദ്യാർത്ഥികളെ കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി. 300 സിറിയൻ വിദ്യാർഥികളെ കൂടിയാണ് ഉൾപ്പെടുത്തിയത്. അവർക്ക് ഇന്ത്യയിൽ എത്തി ഉന്നത വിദ്യാഭ്യാസം തുടരാമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഉഭയകക്ഷി ബന്ധം ഊഷ്മളമായി തുടരാൻ ഇന്ത്യയുടെ ഭാഗത്ത് നിന്ന് എല്ലാ സഹകരണവും പിന്തുണയും പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകുന്നുണ്ടെന്ന് വി. മുരളീധരൻ അറിയിച്ചു.
ഇന്ത്യയുമായുളള ഉഭയകക്ഷി സഹകരണത്തിന്റെ പ്രാധാന്യം സിറിയൻ പ്രസിഡന്റ് എടുത്തുപറഞ്ഞു. അറബ് വിഷയങ്ങളിൽ ഉൾപ്പെടെ ഇന്ത്യയുടെ ഉറച്ച നിലപാടുകളെ ബാഷർ അൽ ആസാദ് പുകഴ്ത്തി. ഇന്ത്യയും സിറിയയുമായുളള ബന്ധം ആഴത്തിലുളളതാണെന്നും സിറിയയ്‌ക്കെതിരായ യുദ്ധ സമയത്ത് ഇന്ത്യ ഉറച്ച പിന്തുണ നൽകിയിരുന്നതായും സിറിയൻ പ്രസിഡന്റ് പറഞ്ഞു.
ഫെബ്രുവരിയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ഇന്ത്യ നൽകിയ സഹായങ്ങൾക്കും ബാഷർ അൽ ആസാദ് നന്ദി പറഞ്ഞു. അവശ്യസമയത്ത് ഇന്ത്യ നൽകുന്ന സഹായങ്ങളെ ബാഷറിന് ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവും പ്രകീർത്തിച്ചു.
Discussion about this post