ന്യൂഡൽഹി: ഹരിയാനയിലും യുപിയിലും നിന്ന് വരുന്ന വെള്ളമാണ് ഡൽഹിയിൽ വെള്ളപ്പൊക്കമുണ്ടാക്കുന്നത് എന്ന കെജ്രിവാൾ സർക്കാരിന്റെ വാദം ബാലിശമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കെജ്രിവാളിന്റെ വാദം ശരിയാണെങ്കിൽ അസമിൽ വെള്ളം പൊങ്ങാൻ കാരണം അരുണാചൽ പ്രദേശും ഭൂട്ടാനുമാണെന്ന് പറയേണ്ടി വരും. എന്നാൽ അത്തരം അപക്വമായ പ്രസ്താവനകൾ തങ്ങൾ നടത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
മഴയും വരൾച്ചയും വെള്ളപ്പൊക്കവും കൊടുങ്കാറ്റുമെല്ലാം പ്രകൃതിയുടെ പ്രതിഭാസങ്ങളാണ്. ഇവ മനുഷ്യന് തടയാൻ സാധിക്കില്ല എന്നത് വസ്തുതയാണ്. ഇവിടെ പ്രകൃതിയെ പഴിക്കുകയും അന്യസംസ്ഥാനത്തെ കുറ്റം പറയുകയും ചെയ്യുകയല്ല വേണ്ടത്. ഇവയെ നേരിടാൻ ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ നാട്ടിൽ വെള്ളം പൊങ്ങുന്നുവെങ്കിൽ അത് നിങ്ങളുടെ പ്രശ്നമാണ്. അതിൽ അയൽ സംസ്ഥാനത്തിന് യാതൊരു ഉത്തരവാദിത്തവുമില്ല. നിങ്ങളുടെ പ്രശ്നത്തിന് നിങ്ങൾ സ്വയം പരിഹാരം കണ്ടെത്തണം. അതിനാണ് ജനങ്ങൾ നിങ്ങളെ വോട്ട് തന്ന് അധികാരത്തിൽ ഇരുത്തിയിരിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
അതേസമയം ഡൽഹിയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ടെങ്കിലും യമുനയിലെ ജലനിരപ്പ് ഇപ്പോഴും അപകടകരമായ നിലയിലാണ്. ഒരിടവേളക്ക് ശേഷം വീണ്ടും മഴ സജീവമാകാൻ സാദ്ധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം.
Discussion about this post