വയനാട്: ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച് കെഎസ്ആർടിസി- സ്വകാര്യ ബസ് ജീവനക്കാർ. കെഎസ്ആർടിസി മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരും മാനന്തവാടിയിലെ സ്വകാര്യ ബസ് ജീവനക്കാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. സ്റ്റാൻഡിലെ ട്രാക്കിൽ ബസ് കയറ്റി ഇടുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു സംഭവം. കൽപറ്റ മാനന്തവാടി റൂട്ടിലോടുന്ന ആദിത്യ ബസും, മാനന്തവാടി- വാളാട് റൂട്ടിലേക്ക് സർവീസ് നടത്താനെത്തിയ കെഎസ്ആർടിസി ബസും സ്റ്റാൻഡിൽ ഒഴിവുള്ള ഏക ട്രാക്കിൽ വണ്ടി നിർത്തിയിടാൻ ശ്രമിച്ചു. ഇതാണ് വാക്കു തർക്കത്തിലേക്കും തുടർന്ന് സംഘർഷത്തിലേക്കും നയിച്ചത്. സംഭവ സമയം സ്റ്റാൻഡിൽ പോലീസുകാരൻ ഡ്യൂട്ടിൽ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥൻ നോക്കിനിൽക്കേ ആയിരുന്നു ജീവനക്കാർ പരസ്പരം പോരടിച്ചത്.
നാട്ടുകാരും യാത്രികരും ചേർന്നായിരുന്നു ജീവനക്കാരെ പിടിച്ചു മാറ്റിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post