തിരുവനന്തപുരം: ഇസ്ലാമിക രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകാര്യതയെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. ഇസ്ലാമിക രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകാര്യത മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ജി20 സമ്മേളനം വിജയകരമാക്കിയതിൽ പ്രധാനമന്ത്രിയുടെ പങ്കിനെയും തരൂർ പ്രശംസിച്ചു.
മോദി ഭരണകാലത്തിന്റെ ആദ്യ നാളുകളിൽ വിദേശ നയത്തിന്റെ കാര്യത്തിൽ ഞാൻ അദ്ദേഹത്തിന്റെ വിമർശകനായിരുന്നു. എന്നാൽ, ഇന്ന് യുക്തിപരമായാണ് കേന്ദ്ര സർക്കാർ പല നിലപാടുകളും സ്വീകരിക്കുന്നത്. തരൂർ പറഞ്ഞു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ആദ്യ വർഷം 27 രാജ്യങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. അതിൽ ഒന്നുപോലും ഇസ്ലാമിക രാജ്യമായിരുന്നില്ല. ഒരു കോൺഗ്രസ് എം പി എന്ന നിലയിൽ ഞാൻ ഇതിനെ വിമർശിച്ചിരുന്നു. എന്നാൽ ഇസ്ലാമിക രാജ്യങ്ങളിൽ പിന്നീട് അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത തികച്ചും മാതൃകാപരമായിരുന്നു. അത് എന്റെ പ്രതീകഷകൾക്കും ഉപരിയായിരുന്നു. ഇന്ന് പ്രധാനപ്പെട്ട എല്ലാ ഇസ്ലാമിക രാജ്യങ്ങളുമായും, പ്രത്യേകിച്ച് അറബ് രാജ്യങ്ങളുമായി നമുക്ക് മികച്ച ബന്ധമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ, എന്റെ വിമർശനങ്ങൾ സ്നേഹപൂർവം പിൻവലിക്കുന്നു. തരൂർ കൂട്ടിച്ചേർത്തു.
ജി20 ഉച്ചകോടിയിലും ഇന്ത്യ നല്ല പ്രകടനം കാഴ്ചവെച്ചു. അവസരം പിടിച്ചെടുത്ത് വിനിയോഗിക്കുന്നതിൽ കേന്ദ്ര സർക്കാർ വൈമുഖ്യം കാട്ടിയില്ല. ഇന്ത്യ ഇന്ന് ലോകത്തിന് അവഗണിക്കാനാവാത്ത ശക്തിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള വിദേശ നയം അതിന്റെ പ്രഭാവം പ്രകടമാക്കി തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരത്ത് സി എൻ എൻ- ന്യൂസ് 18 സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ശശി തരൂർ പറഞ്ഞു.
ശശി തരൂരിന്റെ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്നതായി ബിജെപി വ്യക്തമാക്കി. സത്യസന്ധമായ അദ്ദേഹത്തിന്റെ പ്രതികരണത്തിന് നന്ദി അറിയിക്കുന്നതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.
Discussion about this post