തിരുവനന്തപുരം : കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണം കേരളത്തിലെ ജനങ്ങൾക്ക് വളരെ വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരള ചരിത്രത്തിൽ ഇതുവരെ ജനങ്ങളുമായി ചേർന്ന് നിന്ന് പ്രവർത്തിച്ച മറ്റൊരു നേതാവ് ഉണ്ടായിട്ടുണ്ടാവില്ല. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ പ്രവർത്തനശൈലി ഒരു പാഠപുസ്തകമാണെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഒരു പൊതുപ്രവർത്തകൻ എത്രമാത്രം കഠിനാധ്വാനി ആയിരിക്കണം എന്നത് തെളിയിച്ച വ്യക്തിത്വമാണ് അദ്ദേഹം. രാഷ്ട്രീയ ഭിന്നതകൾ ഉള്ളപ്പോഴും അദ്ദേഹം ആരോടും വേർതിരിവ് കാണിച്ചില്ല. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഒന്നിച്ച് ചേർന്ന് നിന്ന് പ്രവർത്തിച്ചു.
കസ്തൂരിരംഗൻ വിഷയത്തിലും ഇറാഖിൽ നിന്ന് നഴ്‌സുമാരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിലുമെല്ലാം സഹകരിച്ചു. അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമയി ചേർന്ന് ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് എത്രമാത്രം സഹകരിച്ച് പ്രവർത്തിക്കാനാകുമെന്നതിന്റെ ഉദാഹരണമാണെന്ന് വി മുരളീധരൻ വ്യക്തമാക്കി.
ഏറ്റവും ഒടുവിൽ ആശുപത്രി കിടക്കയിൽ കിടന്ന സമയത്ത് അദ്ദേഹത്തെ കാണാൻ പോയിരുന്നു. അന്ന് അദ്ദേഹം തന്നോട് ചോദിച്ചത് നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു. ജനങ്ങളോടൊപ്പം അവരുടെ വേദന പങ്കിട്ട് നിന്ന ഒരു നേതാവിന്റെ നിര്യാണം എല്ലാവരിലും ദുഃഖം ഉണ്ടാക്കുന്നതാണ് എന്നും മുരളീധരൻ പറഞ്ഞു.
Discussion about this post