കണ്ണൂർ : കോൺഗ്രസ് എംപി ശശി തരൂർ ചരിത്ര ബോധമില്ലാതെയാണ് സംസാരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തരൂർ കാര്യമറിയാതെയാണ് ഓരോന്നും വിളിച്ചു പറയുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു. കുറുക്കനെ കോഴിക്കൂട്ടിൽ കയറ്റിയിട്ട് കോഴിയെ തിന്നുമോയെന്ന് നമുക്ക് നോക്കാമെന്ന് പറയുന്ന പോലെയാണ് തരൂരിന്റെ വാക്കുകളെന്ന് മന്ത്രി റിയാസ് വിമർശിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ തരൂർ വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ല എന്നായിരുന്നു റിയാസിന്റെ പ്രതികരണം.
ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ചോദിച്ചപ്പോൾ കരട് രേഖ വന്നതിനു ശേഷം പ്രതികരിക്കാം എന്നതാണ് തരൂരിന്റെ മറുപടി എന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാറിന്റെ നയങ്ങളോട് കേരളത്തിന് പുറത്തെ കോൺഗ്രസ് നേതാക്കൾക്ക് അനുഭാവ നയമാണുളളതെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവെച്ചു നടന്ന പരിപാടിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയെ തരൂർ പ്രശംസിച്ചിരുന്നു. ജി 20 സമ്മേളനം വിജയകരമായി നടപ്പിലാക്കിയതും, അയൽ രാജ്യങ്ങളോടുളള പ്രധാനമന്ത്രിയുടെ സഹവർത്തിത്വ മനോഭാവവും മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ വേറിട്ടു നിർത്തിയതായി തരൂർ പറഞ്ഞു. ഇസ്ലാമിക് രാജ്യങ്ങളുമായി നരേന്ദ്രമോദിയ്ക്കുള്ള സഹകരണത്തെ കുറിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു ശശി തരൂർ.
കേരളത്തിലെ പൊതു അന്തരീക്ഷം സിവിൽ കോഡിനെതിരെ ആയതുകോണ്ടാണ് ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ മിണ്ടാത്തെന്നും മന്ത്രി റിയാസ് പറഞ്ഞു.
Discussion about this post