കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇനിയൊരിക്കലും താൻ അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ കോട്ടയം നസീർ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയപ്പെടുത്തിയപ്പോഴാണ് താരം ഇത് വ്യക്തമാക്കിയത്.
കരുണാകരൻ സാർ മരിച്ചപ്പോഴും ഞാൻ ഇത് തന്നെ പറഞ്ഞിരുന്നു, ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന്.ഉമ്മൻചാണ്ടി സാർ വിട പറയുമ്പോഴും അത് തന്നെയാണ് പറയാനുള്ളത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല.അദ്ദേഹം സുഖമില്ലാതെ ആശുപത്രിയിൽ ആയപ്പോൾ തന്നെ അനുകരിക്കുന്നത് ഞാൻ അവസാനിപ്പിച്ചിരുന്നു. അത് ചെയ്യുന്നത് ശരിയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
‘വിട പറഞ്ഞവരെയൊന്നും അനുകരിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്; പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കളെ. രാഷ്ട്രീയ നേതാക്കൾ ജീവിച്ചിരിക്കുമ്പോൾ ആ ഘട്ടത്തിലുണ്ടാവുന്ന രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള തമാശകളാകും നമ്മളുണ്ടാക്കുക. അവർ നമ്മുടെ ലോകത്ത് നിന്ന് വിട്ടുപോയതിന് ശേഷം അത്തരം തമാശകൾക്ക് പ്രസക്തി ഇല്ലാതാകുന്നു. നമുക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് അദ്ദേഹം. ഇനിയും അദ്ദേഹത്തെ അനുകരിക്കുന്നത് ഒരുപക്ഷെ, അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കൊക്കെ വിഷമം ഉണ്ടാക്കും. അതാണ് ഇനി അനുകരിക്കുന്നില്ലെന്ന് തീരുമാനിച്ചത്”
അതേസമയം രാത്രിയോടെ തിരുവനന്തപുരത്ത് ഉമ്മൻചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് വീണ്ടും മൃതദേഹം കൊണ്ടുവരും. നാളെ രാവിലെ ഏഴരയോടെ കോട്ടയത്തേക്ക് വിലാപ യാത്ര പുറപ്പെടും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനമുണ്ടായിരിക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്‌കരിക്കുക.
Discussion about this post