തിരുവനന്തപുരം : മുൻ മുഖ്യമന്തി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദുഃഖമറിയിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി.ജനങ്ങളെ കേൾക്കുന്നതിനും അതനുസരിച്ച് പ്രവർത്തിക്കുന്നതിനും ഇതുപോലൊരാൾ ഇനിയില്ലെന്നും, ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ സാധാരണക്കാർ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലുപ്പമെന്നും സുരേഷ് ഗോപി പറഞ്ഞു.
താനും ഉമ്മൻചാണ്ടിയും തമ്മിലുളള ബന്ധത്തെ കുറിച്ച് അദ്ദേഹത്തിന്റെ മകൾക്കും കുടുംബത്തിനും അറിയാവുന്നതാണ്. ആ അടുപ്പം അദ്ദേഹവുമായി ചേർന്നു നിൽക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കും നന്നായി അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയുടെ ജീവിതവും, ജനങ്ങൾ അദ്ദേഹത്തോട് പ്രകടിപ്പിക്കുന്ന സ്‌നേഹവും കൂടുതൽ മികച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾ മുന്നോട്ടു വെയ്ക്കുന്നതിന് മറ്റ് നേതാക്കൾക്ക് പ്രചോദനമാണെന്ന് നടൻ വ്യക്തമാക്കി. കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു ഉമ്മൻചാണ്ടി. ചൊവ്വാഴ്ച പുലർച്ച 4.25 ന് ബംഗളൂരുവിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകീട്ട് പുതുപ്പളളിയിലെ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പളളിയിൽ വെച്ച് നടക്കും. ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയാണ് സംസ്‌കാരം നടക്കുക.
Discussion about this post