മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിടപറഞ്ഞിരിക്കുകയാണ്. വർഷങ്ങളായി അദ്ദേഹത്തെ ബാധിച്ച കാൻസറാണ് കേരള രാഷ്ട്രീയത്തിലെ ജനകീയനായ നേതാവിന്റെ ജീവനെടുത്തത്. തൊണ്ടയിലായിരുന്നു അദ്ദേഹത്തിന് കാൻസർ ബാധിച്ചിരുന്നത്.തൊണ്ടയിലെ ശബ്ദം പുറപ്പെടുവിക്കുന്ന ലാരിങ്സിനെ ബാധിക്കുന്ന കാൻസർ രോഗത്തിനായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ചികിത്സ തേടിയിരുന്നത്.
പ്രധാനമായും പ്രായമായവർക്ക് വരാവുന്ന കാൻസറാണ് തൊണ്ടയിലേത്. ഇവ തുടക്കത്തിലേ കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാൻ എളുപ്പമാണ്. ശബ്ദം പുറപ്പെടുവിക്കുന്ന കോശങ്ങളെ ബാധിക്കുന്ന കാൻസറാണിത്.
ശബ്ദം അടഞ്ഞ് പോകുന്നതാണ് തുടക്കത്തിലെ കാണുന്ന പ്രധാന ലക്ഷണം. വിട്ടുമാറാത്ത ചുമ, തൊണ്ടയിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയവയെല്ലാം ആദ്യ ഘട്ടത്തിലെ ലക്ഷണങ്ങളാണ്. വിട്ടു മാറാതെ ഉണ്ടാകുന്ന തൊണ്ട വേദന,3 ആഴ്‌ചയിൽ കൂടുതൽ പരുക്കൻ ശബ്ദം ഉണ്ടായിരിക്കുന്നത്, കഴുത്തിൽ ഒരു മുഴ അല്ലെങ്കിൽ വീക്കം, ചെവിയിലേക്ക് പടരുന്ന തൊണ്ട വേദന, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.ചില ആളുകൾക്ക് വായ്നാറ്റം , പെട്ടെന്ന് ശരീരഭാരം കുറയൽ , അല്ലെങ്കിൽ ക്ഷീണം എന്നിവയും അനുഭവപ്പെടാം .
റെഡിയോ തെറാപ്പി ഉപയോഗിച്ച് ആ ഭാഗത്തെ കാൻസർ കോശങ്ങളെ കരിച്ച് കളയുന്ന ചികിത്സ രീതിയുണ്ട്. ഇത് കൂടാതെ കീമോതെറാപ്പിയും സർജറിയുമൊക്കെ ചെയ്യാറുണ്ട്. കൃത്യമായി ചികിത്സ നൽകിയാൽ 65% ആൾക്കാരിലും ഈ കാൻസർ പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. അത്യന്താധുനിക റേഡിയേഷൻ തെറാപ്പി വഴി ശബ്ദം നഷ്ടപ്പെടാതെ തന്നെ കാൻസർ ഭേദമാക്കാനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്.
മദ്യവും പുകയിലയും ഒഴിവാക്കുന്നതുൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ ലാരിങ്സ് കാൻസർ ഒരു പരിധി വരെ വരാതെ നോക്കാം
Discussion about this post