കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ച സംഭവത്തിൽ നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഉമ്മൻ ചാണ്ടിയെയും മാദ്ധ്യമങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുത്തത്. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ആണ് വിനായകനെതിരെ പോലീസ് ചുമത്തിയത്.
അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചു എന്ന് ആരോപിച്ച് വിനായകൻ പോലീസിൽ പരാതി നൽകും. കലൂരിലെ ഫ്‌ലാറ്റിലെ കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ലാറ്റിലെ ജനൽ ചില്ലകൾ തകർത്തു എന്നാണ് വിനായകന്റെ ആക്ഷേപം. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചുകൊണ്ട് പരാമർശം നടത്തിയതിന് പിന്നാലെയായിരുന്നു അക്രമം.
നടന്റെ പ്രസ്താവന നിരാശാജനകവും അപമാനകരവുമാണെന്ന് നടി നിരഞ്ജന അനൂപ് പറഞ്ഞു. ”ഞാൻ ഉൾപ്പെടുന്ന ഇൻഡസ്ട്രിയിൽ നിന്നുളള ഒരു വ്യക്തി നടത്തിയ മോശം പ്രസ്താവനകളിൽ മുറിവേറ്റ ജനങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. നടനിൽ നിന്ന് വന്ന പരാമർശം അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമായിരുന്നു. ജനനായകനോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ട് ഞാനിത് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. പരേതനായ ആത്മാവിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു” നിരഞ്ജന അനൂപ് കുറിച്ചു.
Discussion about this post