കൊച്ചി: എന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ അഭിനയത്തിന് 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചതിൽ എല്ലാത്തരത്തിലും അഭിമാനിക്കുന്നുവെന്ന് നടൻ കുഞ്ചോക്കോ ബോബൻ. സിനിമയുടെ റിലീസ് ദിനം റോഡിലെ കുഴിയെക്കുറിച്ച് പരാമർശിച്ച്് പുറത്തുവിട്ട പരസ്യം വിവാദമായ കാര്യം ഉൾപ്പെടെ പരാമർശിച്ചാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
അവാർഡ് ജേതാക്കളിൽ ഭൂരിഭാഗം പേരെയും വ്യക്തിപരമായി അറിയുന്നവരും സുഹൃത്തുക്കളുമാണ്. ഈ അംഗീകാരങ്ങൾ തനിക്കും കൂടിയുളള അംഗീകാരമായിട്ടാണ് കാണുന്നത്. കഴിഞ്ഞ വർഷം മലയാളത്തിൽ നിന്നും കലാമൂല്യമുളള ഒട്ടനവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ എല്ലാത്തരത്തിലും അഭിമാനിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമായിരുന്നു മികച്ച നടനുളള പുരസ്‌കാരത്തിൽ മുൻപിൽ നിന്നത്. എന്നാൽ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയം മമ്മൂട്ടിയെ പുരസ്‌കാരത്തിന് അർഹമാക്കുകയായിരുന്നു.
സാമൂഹ്യ പശ്ചാത്തലവും രാഷ്ട്രീയ കാഴ്ചപ്പാടും നോക്കുകയാണെങ്കിൽ കഴിഞ്ഞ വർഷം ഇറങ്ങിയതിൽ ആളുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത സിനിമകളിൽ ഒന്നാണ് എന്നാ താൻ കേസ് കൊട് എന്ന ചിത്രമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചില വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെ യാഥാർത്ഥ്യം മനസിലാക്കി അങ്ങനെ ആ സിനിമയെ കണ്ട പ്രേക്ഷക സമൂഹവും രാഷ്ട്രീയ പ്രബുദ്ധതയുമുളള ആളുകളാണ് നമുക്കിടയിൽ ഉളളത്. അതുകൊണ്ടു തന്നെ സിനിമയ്ക്ക് ഒരുപാട് പുരസ്‌കാരങ്ങൾ നേടാൻ കഴിഞ്ഞതിൽ സന്തോഷമെന്നും നടൻ പ്രതികരിച്ചു.
അറിഞ്ഞോ അറിയാതെയോ ഒരു സിനിമയുടെ മാർക്കറ്റിങ് തന്ത്രമായി അത്തരം വിവാദങ്ങൾ സംഭവിക്കാറുണ്ട്. ചിലപ്പോൾ മനപ്പൂർവ്വം ചെയ്യുന്നതായിരിക്കാം സംഭവിച്ചു പോകുന്നതായിരിക്കാം എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും നടൻ പറഞ്ഞു. റിലീസ് ദിനത്തിൽ തിയറ്ററിലേക്കുളള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ എന്ന പരസ്യവാചകത്തോടെ അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്റർ രാഷ്ട്രീയ വിവാദമായിരുന്നു. സിപിഎം നേതാക്കളടക്കം പോസ്റ്ററിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
മലയാള സിനിമയുടെ ഉയർച്ചയും അതിന്റെ നിലവാരവും എത്രത്തോളം ഉയർന്നുവെന്നത് അന്യഭാഷകളിൽ പോയി അഭിനയിക്കുമ്പോഴാണ് അറിയുക. ഒരു പാട് നല്ല കഥാപാത്രങ്ങളുടെ കൂട്ടത്തിൽ തന്റെ കഥാപാത്രവും അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്നും നടൻ കൂട്ടിച്ചേർത്തു.
Discussion about this post