മോസ്‌കോ : ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് സ്വയം മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയിൽ. റഷ്യയിലാണ് സംഭവം. മിഖായേൽ റഡുഗ എന്നയാളാണ് തലയ്ക്കുള്ളിൽ മൈക്രോചിപ്പ് ഘടിപ്പിക്കാൻ വേണ്ടി ശസ്ത്രക്രിയ നടത്തിയത്.
സ്വപ്‌നങ്ങളെ നിയന്ത്രിക്കാൻ വേണ്ടി തലയിൽ മൈക്രോ ചിപ്പ് ഘടിപ്പിക്കാനാണ് യുവാവ് പദ്ധതിയിട്ടത്. ഇതിനായി ന്യൂറോ സർജന്മാരെ സമീപിക്കാനൊരുങ്ങിയെങ്കിലും ചെലവ് അധികമാകുമെന്ന് വ്യക്തമായതോടെ അതിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് യുട്യൂബ് വീഡിയോകൾ കണ്ട് ശസ്ത്രക്രിയ ചെയ്യാൻ പഠിച്ചു.
ആദ്യം തന്നെ ശക്തിയേറിയ ഡ്രില്ലിംഗ് മെഷീനാണ് വാങ്ങിയത്. ഇതുപയോഗിച്ച് തലയിൽ ദ്വാരം ഉണ്ടാക്കി മൈക്രോ ചിപ്പ് ഘടിപ്പിക്കാനായിരുന്നു തീരുമാനം. സ്വപ്‌നങ്ങൾ കാണുമ്പോൾ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പഠിക്കാനും ഇയാൾ തീരുമാനിച്ചിരുന്നു.
എന്നാൽ ശസ്ത്രക്രിയ ആരംഭിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോയി. അസഹനീയമായ വേദന യുവാവിനെ തളർത്തിക്കളഞ്ഞു. ഇതിനോടൊപ്പം വൻ തോതിൽ രക്തവും നഷ്ടമായതോടെ ഇയാൾ ബോധംകെട്ട് വീഴുകയായിരുന്നു. അജ്ഞാതനായ ഒരാളാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. യുവാവ് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Discussion about this post