തിരുവനന്തപുരം: കഠിനംകുളത്ത് പോലീസുകാരനെ കുത്തി വീഴ്ത്തിയ ശേഷം കാപ്പ കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ചിറയ്ക്ക് സ്വദേശി സജീറാണ് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഇയാളെ അതിസാഹസികമായി പോലീസ് പിടികൂടുയായിരുന്നു.
വെള്ളിയാഴ്ച രാവിലെ കഠിനംകുളം പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. കാപ്പ കേസിൽ അറസ്റ്റ് ചെയ്ത ശേഷം സജീറിനെ കോടതിയിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് സജീർ അക്രമാസക്തനായത്. രക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ തടയാൻ ശ്രമിച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥൻ അനന്തകൃഷ്ണനെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് സ്റ്റേഷന് പുറത്തേക്ക് സജീർ കടക്കാൻ ശ്രമിച്ചു. ഇതോടെ മറ്റ് രണ്ട് പോലീസുകാർ ചേർന്ന് ഇയാളെ അതിസാഹസമായി കീഴടക്കുകയായിരുന്നു. ഇവർക്കും പരിക്കുകളുണ്ട്. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.
നിരവധി കേസുകളിൽ പ്രതിയായ സജീറിനെ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. സജീറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മാറ്റി.
Discussion about this post