ആലപ്പുഴ: കായംകുളത്ത് നടന്ന ലഹരി മാഫിയ, കൊട്ടേഷൻ സംഘം നടത്തിയ കൊലപാതകം ആർഎസ്എസ്സിന്റെ അക്കൗണ്ടിലിടാനുള്ള എംവി ഗോവിന്ദന്റെ നീക്കം കേസ് അട്ടിമറിക്കാൻ ഉദ്ദേശിച്ചാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലഹരി മാഫിയയുടെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസും സിപിഎമ്മിന്റെ ഉൾപ്പെടെ നേതാക്കളും സമ്മതിക്കുമ്പോൾ ആർഎസ്എസ്സാണ് ഉത്തരവാദിയെന്ന് സിപിഎം സെക്രട്ടറി പറയുന്നത് പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണ്.
ലഹരി – കൊട്ടേഷൻ മാഫിയകളെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. കൊലക്കേസ് പോലീസ് അന്വേഷിക്കേണ്ടതില്ല പ്രതികളെ തങ്ങൾ തന്നുകൊള്ളാം എന്നാണ് ഗോവിന്ദൻ പറയുന്നത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് പാർട്ടി സെൽഭരണം നടത്തുകയാണ് സിപിഎം ലക്ഷ്യം.
രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നും കരകയറാൻ രക്തസാക്ഷികളെ പാർട്ടി തന്നെ സൃഷ്ടിക്കുകയാണ്. കായംകുളത്തെ സിപിഎമ്മിലെ ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ മൂടിവെക്കാനാണ് ആർഎസ്എസ്സിന്റെയും ബിജെപിയുടെയും പേര് ഗോവിന്ദൻ ഈ സംഭവത്തിലേക്ക് വലിച്ചിഴക്കുന്നത്. നാട്ടിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള സിപിഎം നീക്കം അവസാനിപ്പിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Discussion about this post