കാബൂൾ: നിരോധിത ഭീകരസംഘടനയായ തെഹ്രികെ താലിബാൻ പാകിസ്താനുമായി(ടിടിപി) ചർച്ച നടത്താൻ പാകിസ്താൻ ഭരണകൂടത്തോട് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാൻ സർക്കാർ. രാജ്യം യുദ്ധത്തിനേക്കാൾ സമാധാനത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ഉന്നത താലിബാൻ നേതാവ് പാകിസ്താന് മുന്നറിയിപ്പ് നൽകി. പാകിസ്താൻ ബലപ്രയോഗത്തിന് പകരം സമാധാനത്തിന്റെ പാത പിന്തുടരണമെന്നാണ് താലിബാന്റെ നിർദ്ദേശം.
ടിടിപിയ്‌ക്കെതിരെ നടപടിയെടുക്കാൻ താലിബാനെ സമ്മർദ്ദത്തിലാക്കാൻ പാകിസ്താൻ കഴിഞ്ഞ കുറച്ചു കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്താനോട് ചേർന്നുള്ള പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്ന പാക് താലിബാൻ രാജ്യത്ത് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇതിൽ നടപടി എടുക്കാനായി പാക് ഭരണകൂടം ഈ ആഴ്ച മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കാബൂളിലേക്ക് പ്രത്യേക ദൂതനെ അയച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെത്തിയ പാക് അംബാസഡർ അസദ് ദുറാനി അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രധാനമന്ത്രി മൗലവി അബ്ദുൾ കബീർ, വിദേശകാര്യ ആക്ടിംഗ് മന്ത്രി മൗലവി അമീർ ഖാൻ മുത്താഖി എന്നിവരെയും മറ്റ് ഉദ്യോഗസ്ഥരെയും സന്ദർശിച്ച് ചർച്ചകൾ നടത്തിയിരുന്നു.
ബലപ്രയോഗത്തിന് പകരം പാകിസ്ഥാൻ സമാധാനത്തിന്റെ പാത പിന്തുടരണമെന്ന് നിരവധി യോഗങ്ങൾക്ക് ശേഷം അഫ്ഗാൻ താലിബാൻ നിർദ്ദേശിച്ചു.
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാത്ത നയമാണ് അഫ്ഗാൻ താലിബാൻ സർക്കാരിനുള്ളതെന്നാണ് താലിബാൻ പാക് പ്രതിനിധിക്ക് ഉറപ്പ് നൽകിയത്. തങ്ങളുടെ മണ്ണ് പാകിസ്താൻ ഉൾപ്പടെയുള്ള മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.
അതേസമയം പാക് താലിബാൻ വിഷയത്തിൽ പാകിസ്താന്റെ ക്ഷമ നശിച്ചിരിക്കുകയാണ്. ടിടിപിക്കെതിരെ നടപടിയെടുക്കാൻ പാകിസ്താൻ തീരുമാനിച്ചിട്ടും, അഫ്ഗാൻ താലിബാൻ സർക്കാർ അതിനോട് അനുകൂലമായിട്ടല്ല പ്രതികരിക്കുന്നത് എന്നതാണ് പ്രതിസന്ധി.
Discussion about this post