തിരുവനന്തപുരം : കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി ഹിന്ദു വിശ്വാസികൾ. ഗണപതി മിത്താണെന്നുള്ള പരാമർശത്തിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഗണപതിയുടെ ചിത്രം പങ്കുവെച്ചാണ് വിശ്വാസികൾ പ്രതികരണം നടത്തുന്നത്. ഗണപതിയെന്നത് ഹിന്ദുക്കളുടെ ദൈവം മാത്രമല്ല ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും കലകളിലും നിർണായ പങ്ക് അലങ്കരിക്കുന്ന ദേവനാണെന്നും വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു.
ഖുറാൻ പുരോഗമനാത്മകമായ ഗ്രന്ഥമാണെന്നും മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് പുരോഗമനപരമായി പഠിപ്പിക്കുന്ന ഗ്രന്ഥമാണെന്നും നേരത്തെ ഒരു ചർച്ചയിൽ ഷംസീർ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു മതത്തിന്റെ വിശ്വാസങ്ങൾ നല്ലതാണെന്ന് പറയുന്നതിനൊപ്പം തന്നെ മറ്റൊരു മതത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഹിന്ദു വിശ്വാസികൾ ഉയർത്തുന്നത്. ഗണപതി ഭഗവാന്റെ മനോഹരമായ ചിത്രങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഷംസീറിന്റെ വിവാദ പരാമർശത്തിന് ഗണപതിക്ക് ഭാരതീയ സംസ്കൃതിയിലുള്ള പ്രാധാന്യം ബോദ്ധ്യപ്പെടുത്തി മറുപടി നൽകാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. സ്വാതന്ത്ര്യ സമര കാലത്ത് ജനതയെ ഒന്നിപ്പിച്ചിരുന്ന ഗണേശോത്സവങ്ങൾ കേരളത്തിൽ വിപുലമായി ആഘോഷിക്കുമെന്ന് ഹിന്ദു സംഘടനകൾ വ്യക്തമാക്കി. മതേതരത്വത്തിന്റെ പേരിൽ സെലക്ടീവായി വിമർശനം നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഹിന്ദു സംഘടനകൾ വ്യക്തമാക്കി.
Discussion about this post