തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഐ നേതാവിന് നേരെ സഹപ്രവർത്തകന്റെ ആസിഡ് ആക്രമണം. മാറനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതിയും സിപിഐ പ്രവർത്തകനുമായ സജിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെയോടെയായിരുന്നു സുധീർ ഖാന് നേരെ ആക്രമണം ഉണ്ടായത്. രാവിലെ വീട്ടിൽ ഉറങ്ങികിടക്കുന്നതിനിടെ സുധീറിന്റേ ദേഹത്ത് സജി ആസിഡ് ഒഴിക്കുകയായിരുന്നു. സുധീറിന്റെ ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ കണ്ടത് പൊളളലേറ്റ നിലയിൽ കിടക്കുന്ന ഭർത്താവിനെയാണ്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണ് സുധീറിന് പരിക്കേറ്റത് എന്നായിരുന്നു ഭാര്യ ആദ്യം കരുതിയിരുന്നത്. എന്നാൽ പൊളളലേറ്റത് ആസിഡ് ഏറ്റിട്ടാണെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ സുധീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് സുധീറിന്റെ ഭാര്യ സജി വീട്ടിലെത്തിയ പോലീസിനോട് പറഞ്ഞത്. ഇതിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആസിഡ് കൊണ്ടുവന്ന കുപ്പി കണ്ടെത്തി. ഇതോടെ പോലീസ് സജിയ്ക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.
മിൽമ സഹകരണ സംഘത്തിലെ പ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവ ശേഷം സജി ഒളിവിലാണ്. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന.
Discussion about this post