ജയ്പൂർ : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ രാജസ്ഥാനി സ്വദേശിയായ യുവതി പാകിസ്താനിൽ. ഭിവാഡി സ്വദേശിയായ അഞ്ജുവാണ് ഭർത്താവിനോട് കള്ളം പറഞ്ഞ് വീടുവിട്ട് ഇറങ്ങിയ ശേഷം നേരെ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്ക് പോയത്. അഞ്ജു രാജ്യം വിട്ട വിവരം മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ഞായറാഴ്ചയാണ് ഭർത്താവായ അരവിന്ദ് അറിഞ്ഞത്.
താൻ കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഭാര്യ വീട്ടിൽ നിന്ന് പോയത് എന്ന് അരവിന്ദ് പറഞ്ഞു. തുടർന്ന് വാട്‌സ്ആപ്പ് വഴി അഞജു തന്നെ ബന്ധപ്പെട്ടിരുന്നതായും അരവിന്ദ് വെളിപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് അഞ്ജു വിളിച്ചിരുന്നു. ഇപ്പോൾ ലഹോറിലാണെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തിരികെ വരുമെന്നും അഞ്ജു പറഞ്ഞു. എവിടെ പോയാലും തന്റെ ഭാര്യ തിരികെ വരുമെന്ന വിശ്വാസത്തിലാണ് അരവിന്ദ്.
29 കാരനായ പാകിസ്താനി സുഹൃത്ത് നസറുള്ളയെ കാണാനാണ് യുവതി പാകിസ്താനിലേക്ക് പോയത്. മെഡിക്കൽ ഉദ്യോഗസ്ഥനാണ് നസറുള്ള എന്നാണ് വിവരം. മാസങ്ങൾക്ക് മുൻപാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പാകിസ്താനിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് രേഖകളെല്ലാം കൃത്യമാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് ഇവരെ പാകിസ്താനിലേക്ക് കടക്കാൻ അനുവദിച്ചത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അഞ്ജുവും അരവിന്ദും വിവാഹിതരായത്. ഇതിന് വേണ്ടി യുവതി ക്രിസ്ത്യൻ മതം സ്വീകരിച്ചിരുന്നു. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. ഭാവഡിയിലാണ് അരവിന്ദ് ജോലി ചെയ്യുന്നത്. ബയോഡാറ്റ എൻട്രി ഓപ്പറേറ്ററായാണ് അഞ്ജു പ്രവർത്തിച്ചിരുന്നത്. സഹോദരനും കുടുംബത്തിനുമൊപ്പം ഫ്‌ളാറ്റിലാണ് അഞ്ജു താമസിച്ചിരുന്നത്. വിദേശത്തേക്ക് പോകാനെന്ന് പറഞ്ഞ് 2020 ൽ ഇവർ പാസ്‌പോർട്ട് എടുത്തിരുന്നു.
Discussion about this post