കാസർകോട് : സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം. കാസർകോട് ബേക്കൽക്കോട്ട സന്ദർശിക്കാനെത്തിയ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. നാല് യുവാക്കളും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. സുഹൃത്തുക്കളിൽ ഒരാളുടെ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു സംഘം. ഇവർക്കെതിരെയാണ് സദാചാര ആക്രമണം നടന്നത്.
ബേക്കൽക്കോട്ട സന്ദർശിച്ച് മടങ്ങിയ സംഘം മേൽപ്പറമ്പിൽ ഭക്ഷണം കഴിക്കാനായി കാർ നിർത്തിയിരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന ചിലർ ഇവരെ ചോദ്യം ചെയ്തു. ആൺകുട്ടികളും പെൺകുട്ടിയും വാഹനത്തിൽ ഏറെ നേരം ഒന്നിച്ച് ഇരുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. മുൻസീറ്റിലിരുന്ന പെൺകുട്ടിക്കും മർദ്ദനമേറ്റു. എന്നാൽ മഴയായത് കാരണമാണ് തങ്ങൾ കാറിലിരുന്നത് എന്നാണ് ഇവർ പറഞ്ഞത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പെൺകുട്ടി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അബ്ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ് നിസാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ തടഞ്ഞ് വയ്ക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
Discussion about this post