തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം മൂലം മരിച്ചവരുടെ തെറ്റായ കണക്ക് നൽകി ആശയക്കുഴപ്പത്തിനിടയാക്കി സംസ്ഥാന സർക്കാർ. ഉഷ്ണതരംഗത്തിൽ കേരളത്തിൽ 120 പേർ മരിച്ചെന്ന കേന്ദ്ര മന്ത്രിയുടെ റിപ്പോർട്ടിനു കാരണം സംസ്ഥാനം തെറ്റായ കണക്കു നൽകിയതിനെ തുടർന്നാണെന്ന് കണ്ടെത്തി. കേന്ദ്ര ആരോഗ്യസഹ മന്ത്രി എസ്പി സിങ് ഭാഗേലിന് നൽകിയ റിപ്പോർട്ടിലാണ് സംസ്ഥാനത്തിന് വീഴ്ച്ച സംഭവിച്ചത്. കേന്ദ്രമന്ത്രി നൽകിയ കണക്ക് ആരോഗ്യ വകുപ്പ് തെറ്റാണെന്ന് അറിയിച്ചെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ തെറ്റ് പറ്റിയത് കേരളത്തിനാണെന്ന് കണ്ടെത്തുകയായിരുന്നു.
കണ്ണൂർ മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അപ്ലോഡ് ചെയ്തത് തെറ്റായ കണക്കാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറാണ് കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള എംപി എസ്.രാമലിംഗത്തിന്റെ ചോദ്യത്തിനാണു കേന്ദ്ര ആരോഗ്യ സഹമന്ത്രി എസ്.പി.സിങ് ഭാഗേൽ ഈ വർഷം രാജ്യത്തുണ്ടായ 264 ഉഷ്ണതരംഗ മരണങ്ങളിൽ പകുതിയോളം കേരളത്തിലാണെന്നു ലോക്സഭയിൽ മറുപടി നൽകിയത്.
എന്നാൽ ഈ വർഷം കേരളത്തിൽ സൂര്യാഘാതം മൂലം ഒരാൾ പോലും മരിച്ചിട്ടില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്. 96 സൂര്യാതാപ കേസുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും മരണം സംഭവിച്ചിട്ടില്ല. ഒമ്പതു വർഷത്തിനിടെ 2019 ൽ മാത്രമാണ് സൂര്യാഘാതമേറ്റ് ഒരു മരണമുണ്ടായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. തുടർന്ന് കേന്ദ്രമന്ത്രിയുടെ റിപ്പോർട്ട് വാർത്ത ആയതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. സംഭവത്തിൽ തെറ്റ് തിരുത്താനും വീഴ്ചയിൽ നടപടി എടുക്കാനും മന്തി വീണാ ജോർജ് നിർദേശിച്ചു.
Discussion about this post