കോഴിക്കോട്: കെെക്കൂലി വാങ്ങുന്നതിനിടെ സർവേയർ വിജിലൻസ് പിടിയിൽ. താമരശ്ശേരി താലൂക്ക് ഓഫീസിലെ സർവേയർ നസീറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും കൈക്കൂലിയായി കൈപ്പറ്റിയ പണവും കണ്ടെത്തി.
കൂടരഞ്ഞി സ്വദേശി അജ്മലിന്റ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് താലൂക്ക് ഓഫീസിൽ എത്തിയത്. ക്വാറി ഉടമയാണ് അജ്മൽ. ക്വാറിയിലേക്കുള്ള വഴി അളക്കുന്നതിന് വേണ്ടിയാണ് അജ്മൽ നസീറിനെ സമീപിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു അജ്മൽ അപേക്ഷ നൽകിയത്. എന്നാൽ അളക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഏപ്രിലിൽ പണം ഗൂഗിൾ പേ ആയി നൽകി. എന്നാൽ അടുത്തിടെ വീണ്ടും 10,000 രൂപ കൂടി വേണമെന്ന് നസീർ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് അജ്മൽ വിവരം വിജിലൻസിനെ അറിയിച്ചത്.
ആവശ്യപ്പെട്ടത് പ്രകാരം താലൂക്ക് ഓഫീസിൽ എത്തി പണം കൈമാറി. ഇതിന് പിന്നാലെ വിജിലൻസ് ഓഫീസിൽ എത്തുകയായിരുന്നു. ഇവിടെ നിന്നുമാണ് നസീറിനെ പിടികൂടിയത്.
സംഭവ സമയം തഹസിൽദാറുടെ യാത്ര അയപ്പ് ചടങ്ങ് നടക്കുകയായിരുന്നു. നസീറും തഹസിൽദാറും ഒരേ നിറത്തിലുള്ള ഷർട്ട് ആയിരുന്നു ധരിച്ചിരുന്നത്. ഇത് വിജിലൻസിനെ ആശയക്കുഴപ്പത്തിലാക്കി. നസീറെന്ന് തെറ്റിദ്ധരിച്ച് ആദ്യം തഹസിൽദാറെ ആയിരുന്നു വിജിലൻസ് പിടികൂടിയത്. ഇത് ജീവനക്കാരിൽ പ്രതിഷേധമുളവാക്കി. ഇതോടെ നസീറിനെ പരിശോധിക്കുകയായിരുന്നു. നസീറിന്റെ പക്കൽ നിന്നും 10,000 രൂപയാണ് കണ്ടെടുത്തത്. നേരത്തെയും നസീറിനെതിരെ നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു.
Discussion about this post