തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതിനെ ചൊല്ലിയുള്ള വിവാദത്തിൽ മൈക്ക് ഓപ്പറേറ്ററോട് ക്ഷമ ചോദിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം.
പരിപാടിയിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഉപകരണങ്ങൾ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികൾ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും ഞങ്ങളാൽ കഴിയുന്ന തരത്തിൽ പരിഹാരമുണ്ടാക്കാൻ കൂടെയുണ്ടാവുമെന്ന് വിടി ബൽറാം കുറിച്ചു.
അതേസമയം മൈക്ക് കേടായ സംഭവത്തിൽ കേസുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് പോലീസിന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കേസ് ഇന്ന് തന്നെ അവസാനിപ്പിക്കണം എന്നാണ് സർക്കാർ കന്റോൺമെന്റ് പോലീസിന് നൽകിയ നിർദ്ദേശം.
മുഖ്യമന്ത്രിയുടെ നിർദ്ദേശം വന്നതോടെ, ഉപകരണങ്ങൾ മൈക്ക് ഓപ്പറേറ്റർക്ക് തിരിച്ചുനൽകി. ഇലക്ട്രിക്കൽ ഇൻസ്‌പെക്ട്‌റേറ്റിൽ പരിശോധന നടത്തിയാണ് മൈക്ക് തിരിച്ചുനൽകിയത്. മൈക്ക് കേസ് രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് നടപടി.
മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണു പോലീസ് കേസെടുത്തത്. പ്രതി ആരെന്നു വ്യക്തമാക്കിയിട്ടില്ല. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ പ്രവർത്തിപ്പിച്ച് പ്രതി കേരള പോലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു.
Discussion about this post