ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തിനെതിരെയെന്ന പേരില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഹിന്ദുക്കളെ അമ്പലത്തിനുള്ളില്‍ പച്ചയ്ക്ക് ചുട്ടു കൊല്ലും എന്ന കൊലവിളി പ്രകടനത്തിന് ആഹ്വാനം ചെയ്ത മുസ്ലീം ലീഗ് സംസ്ഥാന നേതാക്കള്‍ക്കെതിരെയും കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
കാഞ്ഞങ്ങാട്ടെ കൊലവിളി മുദ്രാവാക്യത്തോടെ മുസ്ലീം ലീഗിന്റെ മുഖംമൂടി അഴിഞ്ഞു വീണു. നേതാക്കളുടെ അറിവോടെയാണ് ഹിന്ദുക്കൾക്കെതിരായ കൊലവിളി നടത്തിയത്. ലീഗ് ഇസ്ലാമിക ഭീകരതക്കൊപ്പമാണ്. തീവ്രവാദികൾക്ക് ലീഗിന്റെ ഉന്നതരുടെ സംരക്ഷണമുണ്ടെന്നത് വ്യക്തമായെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അരിയും മലരും കുന്തിരിക്കവും വീട്ടില്‍ കാത്തുവച്ചോ , വരുന്നുണ്ട് നിന്റെ കാലന്‍മാര്‍ എന്നു വിളിച്ച മുദ്രാവാക്യത്തെ കടത്തിവെട്ടുന്നതാണ് നാഴികയ്ക്ക് നാല്പതുവട്ടം തങ്ങള്‍ മതേതരന്മാരാണെന്ന് അവകാശപ്പെടുന്ന മുസ്ലീംലീഗുകാര്‍ വിളിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യാ വിഭജനത്തിന് ആഹ്വാനം ചെയ്ത മുസ്ലീംലീഗല്ല തങ്ങളുടെതെന്നും തങ്ങളുടേത് മതേതര പാര്‍ട്ടിയാണെന്നുമാണ് എപ്പോഴും മുസ്ലീംലീഗ് അവകാശപ്പെടാറുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ മുസ്ലീംലീഗ് ഭീകരവാദം പുറത്തെടുത്തിരിക്കുകയാണോ എന്ന് അതിന്റെ നേതാക്കള്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് കൂടി ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അവിയല്‍ മുന്നണിക്കും ഹിന്ദുക്കളെ അമ്പലത്തിനുള്ളില്‍ പച്ചയ്ക്ക് ചുട്ടുകൊല്ലും എന്ന അഭിപ്രായം തന്നെയാണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സഖ്യകക്ഷിയായ മുസ്ലീംലീഗിന്റെ നിലപാടിനെ കോണ്‍ഗ്രസ് തള്ളിപ്പറയുന്നുണ്ടോ എന്നുകൂടി അറിയാന്‍ കേരളത്തിലെ ജനങ്ങളാഗ്രഹിക്കുന്നു. മുസ്ലിം ലീഗ് ഇന്ന് യൂഡിഎഫിന്റെ ഭാഗം മാത്രമല്ല ദേശീയ തലത്തിൽ കോൺഗ്രസും സിപിഎമ്മും നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ സഖ്യത്തിലുമുണ്ട്. അതുകൊണ്ട് ഹിന്ദുക്കൾക്കെതിരായ ഭീഷണിയുയർത്തിയ മുസ്ലീം ലീഗിനെ പരസ്യമായി തള്ളിപ്പറയാൻ സിപിഎമ്മും കോൺഗ്രസും തയ്യാറാവണം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത്തരം പ്രവണതകളെ കണ്ടില്ലെന്ന് നടിക്കാനാണ് സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷമുന്നണിയും ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ ശക്തമായി ബി.ജെ.പി പോരാടുമെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു.
സ്വീക്കർ എഎൻ ഷംസീർ ഹിന്ദു വിശ്വാസങ്ങൾക്കെതിരെ പറഞപ്പോൾ സർക്കാർ നടപടിയെടുക്കാത്തതാണ് ഇത്തരക്കാർക്ക് പ്രചോദനം. തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താല്പര്യത്തിനായി കേരളത്തിന്റെ സമാധാന അന്തരീക്ഷവും സാമുദായിക സൗഹാര്‍ദ്ദവും തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്ന് തല്പര കക്ഷികള്‍ പിന്മാറണമെന്നും വര്‍ഗീയ സംഘര്‍ഷവും മതവിദ്വേഷവും ഉണ്ടാക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Discussion about this post