ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ‘ ഇൻഡിയ’ സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹങ്കാരികളായ കപടവേഷക്കാരുടെ കൂട്ടമാണ് ‘ഇൻഡിയ’ സഖ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂതകാലത്തിലെ അഴിമതികൾ മറക്കാനാണ് പുതിയ പേരുമായി എത്തിയിരിക്കുന്നത്. നാണക്കേട് കാരണമാണ് യുപിഎ എന്ന പഴയ പേര് ഉപേക്ഷിച്ചതെന്നും പേര് മാറ്റം സഖ്യത്തെ സഹായിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഒരിക്കൽ പോലും ഇന്ത്യയെ കുറിച്ച് ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതി ഇന്ത്യ വിടൂ കുടുംബവാഴ്ച ഇന്ത്യ വിടൂ എന്ന് പറഞ്ഞ അദ്ദേഹം ഇൻഡിയ എന്ന പേര് സഖ്യത്തിന് ഉപയോഗിക്കുന്നത് രാജ്യസ്‌നേഹം കൊണ്ടല്ലെന്നും വിമർശിച്ചു. പ്രതിപക്ഷത്തിന്റെ പേര് പുതിയതാണെങ്കിലും ചെയ്തികൾ പഴയത് തന്നെയെന്ന് അദ്ദേഹം പരിഹസിച്ചു. ക്വിറ്റ് ഇന്ത്യ എന്ന് ഗാന്ധിജിയുടെ മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷത്തെ നേരിടും. അഴിമതി, കുടുംബാധിപത്യം, പ്രീണനം എന്നിവ മുന്നോട്ടു വയ്ക്കുന്ന പാർട്ടികൾ ഇന്ത്യ വിടണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ എന്ന ലേബൽ ഉപയോഗിച്ച്, അവരുടെ പഴയ ചെയ്തികൾ, യുപിഎയുടെ ചെയ്തികൾ മറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. അവർക്ക് ഇന്ത്യയെക്കുറിച്ച് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ, അവർ വിദേശികളോട് ഇന്ത്യയിൽ ഇടപെടാൻ ആവശ്യപ്പെടുമായിരുന്നോ? ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്ന മുദ്രാവാക്യം അവർ ഒരിക്കൽ നൽകിയിരുന്നു. അക്കാലത്ത് അവരെ ജനം പിഴുതെറിഞ്ഞു. ഈ അഹങ്കാരികൾ ഇത് വീണ്ടും ചെയ്തു. അവർ പറയുന്നു ‘യുപിഎ ഇന്ത്യയാണ്. ഇന്ത്യ യുപിഎയാണ്. ജനങ്ങൾ അവരോട് ഒരിക്കൽ കൂടി അതേ രീതിയിൽ പെരുമാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭീകരതയ്ക്ക് മുന്നിൽ കീഴടങ്ങുന്നതിന്റെ കറ നീക്കാൻ വേണ്ടിയാണ് അവർ പേര് മാറ്റിയത്. അവരുടെ വഴികൾ രാജ്യത്തിന്റെ ശത്രുവിനു സമാനമാണ്. ഇന്ത്യ എന്ന പേര് അവരുടെ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കാൻ മറ്റൊരു മുന്നണി സൃഷ്ടിക്കാനാണെന്ന് അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷ പാർട്ടികൾ യഥാർത്ഥത്തിൽ രാജ്യത്തെ ജനങ്ങളുടെ കഴിവിൽ വിശ്വസിക്കുന്നില്ലെന്നും ഇന്ത്യൻ സൈന്യത്തെയും നാവികസേനയെയും നിരന്തരം ലക്ഷ്യം വെച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവർ വ്യോമാക്രമണത്തെയും സർജിക്കൽ സ്ട്രൈക്കിനെയും സംശയിച്ചു. അവർ നഗ്‌നമായി തെളിവ് ചോദിച്ചു. എന്തുകൊണ്ടാണ് അവർക്ക് ഇന്ത്യൻ സൈന്യത്തിന്റെ കഴിവിൽ വിശ്വസിക്കാൻ കഴിയാത്തതെന്ന് അദ്ദേഹം ചോദിച്ചു.രാജ്യാന്തര മാദ്ധ്യമങ്ങൾക്ക് മുന്നിൽ കരയാനും രാജ്യത്തെ അപകീർത്തിപ്പെടുത്താനും മാത്രമേ പ്രതിപക്ഷത്തിന് അറിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു
Discussion about this post