പാലക്കാട്: യുവമോർച്ച പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവ് പി. ജയരാജനെതിരെ പ്രതിഷേധം ശക്തം. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ യുവമോർച്ച മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു. പാലക്കാട് യുവമോർച്ചയുടെ നേതൃത്വത്തിൽ കോട്ടമൈതാനം അഞ്ചുവിളക്കിന് സമീപം കോലം കത്തിച്ച് പ്രതിഷേധിച്ചു.
ഭയപ്പെടുത്തി കീഴ്‌പ്പെടുത്താൻ ആണ് ശ്രമമെങ്കിൽ, തെരുവിൽ നേരിടാൻ തന്നെയാണ് തീരുമാനമെന്ന് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു. ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത ഷംസീറിനെ വിമർശിക്കുകയും തുറന്നുകാട്ടുകയും ചെയ്യുമ്പോൾ, ‘യുവമോർച്ച പ്രവർത്തകരുടെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കു മെന്ന്’ കൊലവിളി നടത്തുകയാണെന്ന് പ്രശാന്ത് ശിവൻ ചൂണ്ടിക്കാട്ടി.
പാർട്ടിയിൽ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കേണ്ടത് യുവമോർച്ച പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗം നടത്തിയിട്ടല്ല. കണ്ണൂർ ജില്ലയിൽ പോലും നാലാളുടെ എസ്‌കോർട്ട് ഇല്ലാതെ സഞ്ചരിക്കാൻ ധൈര്യമില്ലാത്ത ജയരാജൻ ആണോ യുവമോർച്ച പ്രവർത്തകർക്കെതിരെ കൊലവിളി നടത്താൻ വന്നിരിക്കുന്നതെന്ന് പ്രശാന്ത് ശിവൻ പരിഹസിച്ചു.
വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ആര്യനാട്, നെടുമങ്ങാട്, കോവളം തുടങ്ങിയിടങ്ങളിൽ യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച സ്പീക്കർ ഷംസീറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജയരാജന്റെ വിവാദ പരാമർശം. ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചയുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു വാക്കുകൾ.
Discussion about this post