തിരുവനന്തപുരം: സർക്കാർ ആർട്‌സ് ആൻറ് സയൻസ് കോളേജിലെ പ്രിൻസിപ്പാൾ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇടപെടൽ. അയോഗ്യരായവരെ പ്രിൻസിപ്പാൾ നിയമന പട്ടികയിൽ തിരികി കയറ്റാൻ മന്ത്രി ഇടപെട്ടുവെന്നാണ് വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാകുന്നത്. ഇതോടെ പ്രിൻസിപ്പാൾ നിയമനവുമായി ബന്ധപ്പെട്ട് വലിയ അട്ടിമറിയാണ് ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തം.
പ്രിൻസിപ്പാൾ നിയമനത്തിനായുള്ള സെലക്ഷൻ കമ്മിറ്റിയുടെ പട്ടിക കരട് പട്ടികയാക്കുന്നതിന് വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടൽ. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.43 പേരുടെ പട്ടിക ഡിപ്പാർട്ടുമെൻറൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സമർപ്പിച്ച ഫയലായിരുന്നു മന്ത്രി അട്ടിമറിച്ചത്.
43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താതെ ഇത് കരടായി പ്രസിദ്ധീകരിക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. ഇതിന് പുറമേ അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12 ന് മന്ത്രി നിർദ്ദേശം നൽകി. യുജിസി റഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാൻ വ്യവസ്ഥയില്ല. എന്നാൽ മന്ത്രി ഇടപെട്ടതോടെയായിരുന്നു അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചത്. ഈ വർഷം ജനുവരി 11 നായിരുന്നു കരട് പട്ടിക കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ചത്. ഇത് സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തുന്നതിലേക്ക് വഴിവെച്ചു. 76 പേരായിരുന്നു ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇതിൽ നിന്നും നിയമനം നടത്താനുള്ള സർക്കാർ നീക്കം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തടയുകയായിരുന്നു.
ഇതിന് പിന്നാലെ അന്തിമ പട്ടികയിൽ നിന്നുള്ളവരെ മാത്രം നിയമനം നടത്തിയാൽ മതിയെന്ന കർശന നിർദ്ദേശവും ട്രൈബ്യൂണൽ നൽകി. ഇതോടെ മന്ത്രിയുടെ ഇടപെടൽ വിഫലമാകുകയായിരുന്നു. അതേസമയം ഈ പട്ടികയിൽ നിന്നും ഇതുവരെ നിയമനം നടന്നിട്ടില്ല. ഇതിനിടെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായി എന്ന വിവരം പുറത്തുവരുന്നത്.
Discussion about this post