കണ്ണൂർ: കൊട്ടിയൂരിൽ അങ്കണവാടിയിൽ നിന്നും രാജവെമ്പാലയെ കണ്ടെത്തി. ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിൽ ആയിരുന്നു പാമ്പിനെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. അടുക്കളയിൽ നിന്നായിരുന്നു പാമ്പിനെ കണ്ടെത്തിയത്. അങ്കണവാടി ജീവനക്കാരി അടുക്കള വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ പാൽ പാത്രം എടുക്കാൻ പോയപ്പോൾ സമീപത്ത് അനക്കം കണ്ടു. തുടർന്ന് നോക്കിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്. ഉടനെ ബഹളംവച്ച് ആളെക്കൂട്ടുകയായിരുന്നു.
13 കുട്ടികളാണ് ഈ അങ്കണവാടിയിൽ പഠിക്കുന്നത്. ഇതിൽ ആറ് കുട്ടികൾ ഇന്നലെ അങ്കണവാടിയിൽ ഉണ്ടായിരുന്നു. കനത്ത മഴയായിരുന്നതിനാൽ ഇന്നലെ നേരത്തെ തന്നെ കുട്ടികളെ വീട്ടിലേക്ക് വിട്ടിരുന്നു. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുട്ടികൾ ഇരിക്കുന്ന ഹാളിനോട് ചേർന്നുള്ള ഭാഗത്താണ് അടുക്കുള.
അങ്കണവാടി കെട്ടിടത്തിന്റെ പരിസരത്ത് മാളങ്ങൾ ഉണ്ട്. നിരവധി തവണ ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തിടെയായി പ്രദേശത്ത് പാമ്പുകളുടെ ശല്യം രൂക്ഷമാണ്. പലയിടങ്ങളിൽ നിന്നും രാജവെമ്പാലയെ ഉൾപ്പെടെ പിടിച്ചിരുന്നു.
Discussion about this post