എറണാകുളം: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജ ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തിൽ മീഡിയാ വൺ ചാനലിനെതിരെ പരാതി നൽകി ബിജെപി ലീഗൽ സെൽ. സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. മീഡിയ വണ്ണിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അടിസ്ഥാന രഹിതമായ വിവരങ്ങളാണെന്നും ക്രമസമാധാന നില തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
മാദ്ധ്യമ പ്രവർത്തകൻ ഡോ.ബിനോജ് നായർ ‘മണിപ്പൂരും മറ്റൊരു പരീക്ഷണശാല തന്നെ’ എന്ന തലക്കെട്ടോടെയെഴുതിയ ലേഖനത്തിലാണ് വിഷയം സംബന്ധിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അടങ്ങിയിരിക്കുന്നത്. ബിനോജ് നായർ ഒന്നാം പ്രതിയും, ചീഫ് എഡിറ്റർ രണ്ടാം പ്രതിയും ആക്കിയാണ് പരാതി നൽകിയിരിക്കുന്നത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിവയ്ക്കുന്നതാണ് ലേഖനം. യഥാർത്ഥ വസ്തുത മറച്ചുവച്ച് ബിജെപി സർക്കാർ മണിപ്പൂരിലെ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് എന്ന തരത്തിലാണ് ലേഖനത്തിൽ പറയുന്നത്. കലാപകാരികൾക്ക് പോലീസ് പിന്തുണ നൽകുന്നുവെന്ന തരത്തിലും പരാമർശമുണ്ട്. ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നതിലൂടെ വർഗ്ഗീയ സംഘർഷമാണ് ലക്ഷ്യമിടുന്നതെന്നും
അഡ്വ. എംഎൽ സുരേഷ് കുമാർ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് കലാപത്തിനായി മെയ്തി വിഭാഗങ്ങൾക്ക് പോലീസ് ആയുധങ്ങൾ നൽകുന്നുവെന്നും, ഇതിന് തെളിവുണ്ടെന്നും ലേഖനത്തിൽ മാദ്ധ്യമ പ്രവർത്തകൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അങ്ങനെയെങ്കിൽ ഇക്കാര്യം പരിശോധിക്കണം.ഇന്ത്യൻ ശിക്ഷാ നിയമം, ഐടി നിയമം, പട്ടികജാതി/ പട്ടിക ജാതി വിഭാഗങ്ങൾക്ക് നേരായ അതിക്രമം തടയൽ എന്നീ വിവിധ വകുപ്പുകൾ പ്രകാരം നടപടികൾ സ്വീകരിക്കണം എന്നും പരാതിയിൽ ആവശ്യമുണ്ട്. കഴിഞ്ഞ മാസം 30നായിരുന്നു വസ്തുതാ വിരുദ്ധമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മീഡിയാ വൺ ലേഖനം പ്രസദ്ധീകരിച്ചത്.
Discussion about this post