കൊച്ചി: തുർക്കി അന്താരാഷ്ട്ര ഹാലികാർനസസ് ചലച്ചിത്രമേളയിൽ മലയാള സിനിമക്ക് അംഗീകാരം. ന്യൂട്ടൻ സിനിമ നിർമിച്ച ‘ഫാമിലി’ എന്ന ചിത്രമാണ് മേളയിലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം നടക്കുന്ന മെൽബൺ ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.എം) രണ്ട് നോമിനേഷനുകളും ചിത്രത്തിന് ലഭിച്ചു. സംവിധായകനായ ഡോൺ പാലത്തറക്ക് മികച്ച സംവിധായകനുള്ള നാമനിർദ്ദേശം ലഭിച്ചപ്പോൾ ‘ഫാമിലി’യെ മികച്ച സിനിമക്കാണ് പരിഗണിക്കുന്നത്.
റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു ഫാമിലിയുടെ വേൾഡ് പ്രീമിയർ നടത്തിയിരുന്നത്. ആദ്യ പ്രദർശനം മുതൽ വലിയ ജനസമ്മിതി നേടിയ ചിത്രം മികച്ച നിരൂപക പ്രശംസയും സ്വന്തമാക്കിയിരുന്നു. നമുക്ക് ചുറ്റുമുള്ള കുടുംബവും സമൂഹവും അതിന്റെ നിക്ഷിപ്ത താല്പര്യങ്ങളെ എങ്ങനെ രഹസ്യമാക്കിവെക്കുന്നു എന്ന് നിർഭയമായി തുറന്നു കാണിക്കുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, ദിവ്യ പ്രഭ, നിൽജ കെ. ബേബി, മാത്യു തോമസ്, ആർഷ ബൈജു തുടങ്ങി പ്രതിഭാധനരായ അഭിനേതാക്കളാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. .
ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ അക്ഷമരാക്കി പിടിച്ചിരുത്തുന്ന സിനിമയാണ് ഫാമിലി എന്ന് ചിത്രത്തിന്റെ നിർമാതാവായ സനിറ്റ ചിറ്റിലപ്പിള്ളി പറഞ്ഞു. ഡോണിന്റെ ബോൾഡായ സംവിധാന മികവ് മാത്രമല്ല, ആഴത്തിൽ ചിന്തിക്കാനും ആത്മ പരിശോധന നടത്താനും പ്രേരിപ്പിക്കുന്നു എന്നത് കൂടിയാണ് സിനിമയെ മനോഹരമാക്കുന്നത്. എല്ലാ കുടുംബങ്ങളിലും ചർച്ച ചെയ്യേണ്ട ഒരു പിടി കാര്യങ്ങളാണ് ഫാമിലി മുന്നോട്ട് വെക്കുന്നത്. കുടുംബത്തോടൊപ്പം തീയേറ്ററിൽ പോയിരുന്ന് കാണേണ്ട സിനിമയാണിതെന്നും സനിറ്റ കൂട്ടിച്ചേർത്തു.
റോട്ടർഡാം, തുർക്കി, മെൽബൺ എന്നിവക്ക് പുറമേ ബെംഗളൂരു, ന്യൂഡെൽഹി ഹാബിറ്റാറ്റ്, ഇൻസ്ബ്രക്ക്, എൻ.ഐ.ടി.ടി.ഇ മാംഗ്ലൂർ തുടങ്ങിയ ലോക പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചിരുന്നു. ഇൻസ്ബ്രക്ക് ചലച്ചിത്ര മേളയിലും ഫാമിലിക്ക് മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ചിരുന്നു.













Discussion about this post