എറണാകുളം: ആലുവയിൽ വിവിധ ഭാഷാ തൊഴിലാളി തട്ടിക്കൊണ്ട് പോയ പെൺകുട്ടി കൊല്ലപ്പെട്ടു. കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ആലുവ മാർക്കറ്റ് പരിസരത്ത് നിന്നും കണ്ടെത്തിയ മൃതദേഹമാണ് കുട്ടിയുടേത് ആണെന്ന് തിരിച്ചറിഞ്ഞത്.
ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. കന്നുകാലികളെ കെട്ടുന്ന സ്ഥലമാണ് ഇവിടം. ചുമട്ട് തൊഴിലാളികൾ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചാക്ക് തുറന്നപ്പോൾ ആറ് വയസ്സ് തോന്നിക്കുന്ന കുട്ടിയുടേത് ആണെന്ന് വ്യക്തമായി. ഇതോടെ കാണാതായ കുട്ടിയാണോ ഇതെന്ന് സ്ഥിരീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയായിരുന്നു.
കുട്ടിയുടെ കൈ മാത്രമാണ് പുറത്തുണ്ടായത്. തുടർന്ന് തുറന്ന് പരിശോധിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ഒടിച്ച ശേഷമാണ് ചാക്കിൽ കെട്ടിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ 20 മണിക്കൂറായി കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
Discussion about this post