എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി മാർക്കറ്റ് പരിസരത്ത് ഉപേക്ഷിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. സംഭവം ഹൃദയഭേദമാണെന്ന് ഉണ്ണി മുകുന്ദൻ പ്രതികരിച്ചു. മാദ്ധ്യമ വാർത്തകൾക്ക് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
സംഭവം ഹൃദയഭേദകമാണ്. സംഭവം ഉണ്ടാക്കിയ ദു:ഖം എത്രയുണ്ടെന്ന് വിവരിക്കാൻ വാർത്തകൾ ഇല്ല. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. നമ്മെ ചുറ്റിപ്പറ്റി ആരെല്ലാമുണ്ടെന്ന് നമുക്ക് അറിയില്ല എന്ന കാര്യം ഈ നിമിഷം നാം മനസ്സിലാക്കണം. ഈ സാഹചര്യത്തിൽ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സുരക്ഷിതരായി വളർത്തും? ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് ഉച്ചയോടെയാണ് കേരള മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് അഞ്ച് വയസ്സുകാരിയുടെ കൊലപാതക വിവരം പുറത്തുവന്നത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകൾ ചാന്ദ്‌നിയാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതി അസ്ഫാഖിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post