കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശികളുടെ 5 വയസുകാരിയായ മകൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. ആ കശ്മലനെ കേരളത്തിലായതു കൊണ്ട് അപ്പോൾ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരളാ പോലീസിൽ നിന്ന് ഇത്തരം കൊടും ക്രിമിനലുകൾക്ക് രക്ഷപ്പെടുക അത്ര എളുപ്പമല്ലെന്ന് പികെ ശ്രീമതി പറഞ്ഞു. കേസിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വിമർശനം ഉയരുന്നതിനിടയ്ക്കാണ് ശ്രീമതി ടീച്ചറുടെ പോസ്റ്റ്. കുഞ്ഞിന്റെ തിരോധാനം മുതൽക്കേ പോലീസ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നില്ലെന്ന് നിരവധി പേർ കുറ്റപ്പെടുത്തുന്നുണ്ട്. ഇതിന് പിന്നാലെ മാപ്പപേക്ഷയുമായി കേരള പോലീസ് തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുൻമന്ത്രിയുടെ പ്രസ്താവന.
ഈ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു? എത്ര ദു:ഖകരമായ അവസ്ഥയാണിത്? ബീഹാറിയാണോ അസംകാരനാണോ എന്ന ചോദ്യം ചോദിക്കുന്നത് അർത്ഥ ശൂന്യമാണ്. ഒരു ഇന്ത്യക്കാരനാണ് ഈ നിഷ്ഠൂരമായ ക്രൂര കൃത്യം ചെയ്തതെന്ന് പികെ ശ്രീമതി കുറിച്ചു. ആപാവം പിടിച്ച അച്ഛനമ്മമാരോടൊപ്പം ദു:ഖിക്കുകയല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും? ആ മൃദുമേനി താളിന്റെ തണ്ടൊടിക്കുമ്പോലെ ഞെരിച്ചുകളഞ്ഞ ആ കശ്മലനെ കേരളത്തിലായതു കൊണ്ട് അപ്പോൾ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരളാ പോലീസിൽ നിന്ന് ഇത്തരം കൊടും ക്രിമിനലുകൾക്ക് രക്ഷപ്പെടുക അത്ര എളുപ്പമല്ല. നമ്മുടെ മണ്ണ് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരവീണ് കുതിരുന്നത് കണ്ടു നിൽക്കുക അസഹ്യം തന്നെ. എന്തു ചെയ്യാൻ നമുക്ക് പറ്റും? കുഞ്ഞിനു വേണ്ടി ഒരു പിടി കണ്ണീരിൽ കുതിർന്ന പൂക്കൾ അർപ്പിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം ക്രിമിനൽ പശ്ചാത്തലമുള്ള അതിഥി തൊഴിലാളികൾ കേരളത്തിലേക്ക് കടക്കുന്നത് തടയാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. സംസ്ഥാനത്ത് ഏകദേശം 35 ലക്ഷത്തോളം വിവിധ ഭാഷാ തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. ഇതിന്റെ കൃത്യമായ കണക്കെടുക്കാൻ സംസ്ഥാന സർക്കാർ ഇത് വരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ജോലി തേടി കേരളത്തിലെത്തുന്ന തൊഴിലാളികളിൽ പലരും ശോചനീയമായ സാഹചര്യത്തിലാണ് താമസിക്കുന്നത്. മദ്യവും ലഹരിയും ഒഴുകുന്ന ഇവിടം പലപ്പോഴും ക്രിമിനലുകളുടെ വിഹാര കേന്ദ്രം കൂടിയാണ്. എന്നാൽ വിവിധ ഭാഷാ തൊഴിലാളികളുടെ ക്രമിനൽ പശ്ചാത്തലം പരിശോധിക്കാൻ വെരിഫിക്കേഷൻ ഏർപ്പെടുത്തുമെന്നത് പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങി.
അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷനായി ആരംഭിച്ച ഗസ്റ്റ് ആപ്പും കട്ടപുറത്താണ്. ഇത് ഉപയോഗിക്കാൻ വിമുഖത കാണിക്കുന്ന തൊഴിലാളികളെ ബോധവത്ക്കരിക്കാനും സർക്കാർ തയ്യാറാവുന്നില്ല എന്നതും വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്.
Discussion about this post