ബെയ്ജിംഗ്: സംഗീത പരിപാടിയ്ക്കിടെ ആവേശം മൂത്ത് ആളുകൾക്ക് മുൻപിൽ പാന്റ്‌സ് അഴിച്ച ഗായകനെ തടവിലാക്കി ചൈനീസ് ഭരണകൂടം. വടക്കൻ ചൈനയിലെ ഷിയാസ്ഹുവാൻജിലായിരുന്നു സംഭവം. പ്രമുഖ ബാൻഡായ വൈലന്റ് ചാമ്പ്യൻസിലെ ഗായകൻ ഡിംഗിനെയാണ് പിടികൂടി തടവിലാക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. റോക്ക് ഹോം ടൗൺ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ബാൻഡിന്റെ സംഗീത പരിപാടി സംഘടിപ്പിച്ചത്. ഇത് കാണാൻ നിരവധി പേർ എത്തിയിരുന്നു. പാട്ടിനിടെ ആവേശം മൂത്തതോടെ ഗായകൻ പാന്റ്‌സ് അഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ചൈനീസ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
സാമൂഹ്യ മര്യാദ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിംഗിനെ തടവിലാക്കിയത്. സംഭവത്തിൽ പരിപാടിയുടെ സംഘാടർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. സംഘാടകർക്ക് 28,000 ഡോളർ പിഴ ചുമത്തി. ഇതിന് പുറമേ ബാൻഡിന്റെ പരിപാടി നിർത്തിവയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഷിയാസ്ഹുവാൻജിലെ പ്രശസ്ത ആഘോഷമാണ് റോക്ക് ഹോം ടൗൺ ഫെസ്റ്റിവൽ. ഇതിന്റെ ഭാഗമായി സംഗീത മേളകൾ ഉൾപ്പെടെ നിരവധി പരിപാടികൾ ആണ് സ്ഥലത്ത് അരങ്ങേറാറുള്ളത്. ഒക്ടോബർവരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ആഘോഷിക്കാൻ വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ നഗരത്തിലേക്ക് എത്താറുണ്ട്.
Discussion about this post