കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയുടെ കൊലപാതകം മലയാളികളെ ആകെ ലജ്ജിച്ച് തലകുനിക്കേണ്ട അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഈ സംഭവം കഴിഞ്ഞതിന് ശേഷം കേരള പോലീസ് മാപ്പപേക്ഷിച്ചിരിരുന്നു. എന്നാൽ കേരള പോലീസിന്റെ പണി ഫേസ്ബുക്കിലൂടെ മാപ്പപേക്ഷിക്കലല്ല എന്ന് അദ്ദേഹം പറഞ്ഞു. അതിന് വേണ്ടിയല്ല നികുതി പണത്തിൽ നിന്ന് ശമ്പളം നൽകിക്കൊണ്ട് പോലീസ് സേനയെ സൃഷ്ടിച്ചിരിക്കുന്നത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആലുവയിൽ നടന്ന ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ആർക്കാണ് എന്ന് കണ്ടെത്തേണ്ടതുണ്ട്. പോലീസ് പറയുന്നത് പ്രതിയെ തങ്ങൾ പിടിച്ചു എന്നാണ്. ഇത്തരത്തിലുള്ള ഹീനമായ കുറ്റകൃത്യം നടത്തിയതിന് ശേഷം പ്രതിയെ പിടിച്ചു എന്ന് പറയുന്നത് നാണക്കേടാണ്. കുറച്ചെങ്കിലും നാണമുണ്ടെങ്കിൽ ഇത്തരം വീരവാദങ്ങൾ പോലീസ് മുഴക്കില്ല. പകൽ സമയത്ത് നടന്ന കുറ്റകൃത്യം തടയാൻ പോലീസിന് എന്തുകൊണ്ട് സാധിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ട് മാസമായി മദ്യപിച്ച് പതിവായി ബഹളമുണ്ടാക്കുന്നയാളാണ് പ്രതി. അങ്ങനെ ഒരാൾ ആലുവ നഗരമദ്ധ്യത്തിൽ ബഹളമുണ്ടാക്കുമ്പോൾ അത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നോ എന്നും മുരളീധരൻ ചോദിച്ചു.
അവിടെ ഒരു ലഹരി-മദ്യ കേന്ദ്ര തന്നെ ഉണ്ടെന്നാണ് പ്രദേശത്തെ സിഐടിയു തൊഴിലാളി പറഞ്ഞത്. ഓപ്പൺ ബാർ എന്നാണ് പറഞ്ഞുകേട്ടത്. ഇങ്ങനെ ഒരു ഓപ്പൺ ബാർ നടക്കുന്നതിനെ തടയുന്നത് ആലുവ പോലീസിന്റെ ഉത്തരവാദിത്തമാണ്. അതിന് പകരം സംഭവം നടന്നതിന് ശേഷം മാപ്പപേക്ഷിച്ചത് കൊണ്ട് എന്താണ് കാര്യം എന്ന് അദ്ദേഹം ചോദിച്ചു.
അതിഥി തൊളിഴാളികൾ ആരാണ് എന്ന് കണ്ടെത്താനുള്ള ശ്രമമെങ്കിലും സർക്കാർ നടത്തിയിട്ടുണ്ടോ എന്നാണ് വി മുരളീധരൻ ചോദിച്ചത്. ഏത് സംസ്ഥാനക്കാരനാണ് ഈ അതിഥി എന്ന് മുഖ്യമന്ത്രിക്ക് അറിയാമോ? ആലുവയിലെ തൊഴിലാളി ക്യാമ്പുകളിൽ പോലീസ് പരിശോധന നടത്തുന്നുണ്ടോ? അതിഥി തൊഴിലാളികളുടെ ഡാറ്റ പോലീസിന്റെ കൈവശം ഉണ്ടോ? കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ 159 കുറ്റകൃത്യങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാണെന്ന് പറയുന്നു. ചെയ്യേണ്ടത് ഒന്നും ചെയ്യാതെ മാപ്പപേക്ഷിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ നാട്ടിൽ കൊച്ചു കുട്ടികൾ പുറത്തിറങ്ങിയാൽ ഒന്നുകിൽ നരാധമന്മാർ കടിച്ചൂകീറും അല്ലെങ്കിൽ തെരുവ് നായ്ക്കൾ കടിച്ച് കൊല്ലും. ഈ സാഹചര്യത്തിൽ മാറ്റമുണ്ടാവുന്നില്ല. കേരളത്തിലെ പോലീസിന്റെ പണി മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കലും, മൈക്ക് പരിശോധിക്കലും മാത്രമല്ല എന്ന് അവർ മനസിലാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post