പത്തനംതിട്ട : ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് വ്യാജ മൊഴി നൽകിയ അഫ്‌സാന ജയിൽ മോചിതയായതിന് പിന്നാലെ പോലീസിനെതിരെ നിർണായക വെളിപ്പെടുത്തലുമായി രംഗത്ത്. ഭർത്താവ് നൗഷാദിനെ കൊന്നുവെന്ന് പോലീസ് മർദ്ദിച്ച് പറയിപ്പിച്ചതാണെന്ന് അഫ്‌സാന മാദ്ധ്യമങ്ങളോട് പറഞ്ഞു. പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്നും ഇവർ വെളിപ്പെടുത്തി.
കസ്റ്റഡിയിലിരിക്കെ വനിതാ പോലീസ് ഉൾപ്പെടെ മർദ്ദിച്ചു. പെപ്പർ സ്‌പ്രേ ഉപയോഗിച്ചു. ഭർത്താവിനെ കൊന്നുവെന്ന് താൻ മൊഴി നൽകണമെന്നതായിരുന്നു അവരുടെ ആവശ്യം. അവസാനം മർദ്ദനം സഹിക്കവയ്യാതെയാണ് ഭർത്താവിനെ കൊന്നുവെന്ന് സമ്മതിച്ചത് എന്ന് അഫ്‌സാന പറഞ്ഞു. വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ നൗഷാദിന് മാനസിക വൈകല്യം ഉണ്ടെന്നാണ് അഫ്‌സാന പറയുന്നത്. ഭർത്താവ് എന്തിനാണ് നാടുവിട്ടത് എന്ന് അറിയില്ലെന്നും ഇവർ പറഞ്ഞു.
ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാന പോലീസിന് നൽകിയ മൊഴി. താൻ നൗഷാദിനെ തലക്കടിച്ച് കൊന്നുവെന്ന് പറഞ്ഞതോടെ പോലീസ് അഫ്‌സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടർന്ന് മൃതദേഹത്തിനായി പരുത്തിപ്പാറയിൽ ഇവർ താമസിച്ചിരുന്ന വാടക വീടിനടുത്ത് കുഴിച്ചു പരിശോധിക്കുന്നതിനിടെയാണ് നൗഷാദിനെ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയത്. അന്ന് ഭാര്യയും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചെന്നും ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നു എന്നുമാണ് നൗഷാദ് പറഞ്ഞത്.
നൗഷാദിനെ കൊന്നുവെന്ന അഫ്സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ഇവർ ജയിൽ മോചിതയായി.
Discussion about this post