കൊച്ചി : ആലുവയിൽ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ ജനപ്രതിനിധി പങ്കെടുക്കാത്തതിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണം എന്നില്ലല്ലോ എന്നാണ് ആർ ബിന്ദു പറഞ്ഞത്. ജില്ലയിലെ മന്ത്രി എത്തിയെന്നാണ് കരുതുന്നത് എന്നും മന്ത്രി പറഞ്ഞു.
”എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണം എന്നില്ലല്ലോ. അതിനുള്ള സമയവും കിട്ടിയിരുന്നില്ല” മന്ത്രി ആർ ബിന്ദു പറഞ്ഞു. കേസിൽ പോലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മന്ത്രിമാരുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും അന്വേഷിച്ചിട്ട് പറയാം എന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് പറഞ്ഞത്.
ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ പൊതു ദർശനത്തിനും സംസ്‌കാര ചടങ്ങുകൾക്കും സർക്കാർ ജനപ്രതിനിധികൾ ആരും തന്നെ എത്തിയിരുന്നില്ല. മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും ചടങ്ങിന് എത്താത്തതിൽ കോൺഗ്രസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സർക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ട് പോലും ആരും വരാത്തതിൽ എറണാകുളത്ത് വ്യാപക പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനമെന്നും ഷിയാസ് അറിയിച്ചിരുന്നു.
Discussion about this post