കോഴിക്കോട്; പിവി അൻവർ എംഎൽഎയ്‌ക്കെതിരായ മിച്ചഭൂമി കേസ് താമരശേരി ലാൻഡ് ബോർഡ് ഇന്ന് വീണ്ടും പരിഗണിക്കും.ലാൻഡ് ബോർഡ് തയ്യാറാക്കിയ കരട് പട്ടികയിലുൾപ്പെട്ട ഭൂമി അന്വേഷണ ഘട്ടത്തിൽ അൻവർ വിൽപന നടത്തിയതിൻറെ തെളിവുകൾ ലാൻഡ് ബോർഡിന് കൈമാറിയതായി പരാതിക്കാർ പറഞ്ഞു. ഹൈക്കോടതിയിൽ മാപ്പപേക്ഷ കൊടുത്ത ലാൻഡ് ബോർഡ്, മൂന്ന് മാസത്തിനകം നടപടികൾ പൂർത്തിയാക്കുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്.
എംഎൽഎയ്‌ക്കെതിരായ കേസിൽ അഞ്ച് വർഷം കഴിഞ്ഞിട്ടും നടപടികൾ പൂർത്തിയാക്കാതെ വന്നതോടെയായിരുന്നു ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് താമരശേരി ലാൻഡ് ബോർഡിൻറെ ചുമതലയുളള ഉദ്യോഗസ്ഥർ കോടതിയിൽ മാപ്പപേക്ഷ നൽകിയത്. നടപടികൾ വൈകിയതിൽ മാപ്പ് ചോദിച്ച ലാൻഡ് ബോർഡ് നടപടികൾ പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സാവകാശവും തേടി. ഇതിനു ശേഷമുളള ആദ്യ സിറ്റിങ്ങാണ് ഇന്ന് താമരശേരി ലാൻഡ് ബോർഡിൽ നടക്കുന്നത്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ അൻവറിനും കുടുംബത്തിനും 226.82 ഏക്കർ ഭൂമി സ്വന്തമായി ഉണ്ടെന്നായിരുന്നു കാണിച്ചത്. എന്നാൽ ഇത് സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് അൻവർ തിരുത്തിയെങ്കിലും പരിശോധനയിൽ 22 ഏക്കറിലധികം ഭൂമി അൻവറിനും കുടുംബത്തിൻറെയും പേരിലുണ്ടെന്ന് നിലവിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post