തിരുവനന്തപുരം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻഎസ്എസ്. പ്രതിഷേധ സൂചകമായി വിശ്വാസ സംരക്ഷണ ദിനം ആചരിക്കുമെന്ന് എൻഎസ്എസ് വ്യക്തമാക്കി. പരാമർശം പിൻവലിച്ച് ഷംസീർ മാപ്പ് പറയണമെന്നും നടപടി സ്വീകരിക്കണമെന്നും എൻഎസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിസ്സാരവത്കരിച്ച സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിക്കുന്നത്.
നാളെയാണ് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നത്. നാളെ എല്ലാ വിശ്വാസികളും അവരുടെ വീടിന് അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥിക്കണമെന്നും വഴിപാടുകൾ നടത്തണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്നും എൻഎസ്എസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഹൈന്ദവ വിശ്വാസം സംബന്ധിച്ച് ഷംസീർ നടത്തിയ പരാമർശം വേദനിപ്പിക്കുന്നതാണെന്ന് എൻഎസ്എസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതവിദ്വേഷം വളർത്തുന്ന പരാമർശം നടത്തിയ സ്പീക്കർക്ക് തത്സ്ഥാനത്ത് തുടരാൻ അർഹതയില്ല. പരാമർശത്തിൽ മാപ്പ് പറയണം. ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമർശിച്ചുകൊണ്ടുള്ള പരാമർശം അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിയ്ക്കായാലും യോജിച്ചത് അല്ല. ഏത് സാഹചര്യത്തിൽ നടത്തിയ പരാമർശം ആണെങ്കിലും ന്യായീകരണമില്ലെന്നും പ്രതികരിച്ചിരുന്നു.
Discussion about this post