തിരുവനന്തപുരം : വെളളറടയിൽ ബന്ധുവായ പെൺകുട്ടിയ്‌ക്കൊപ്പം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവാവിനെ മർദ്ദിച്ച കണ്ടക്ടർക്കെതിരെ നടപടി. കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു. കണ്ടക്ടർ സുരേഷിനെതിരെയാണ് നടപടി സ്വീകരിച്ചത്.
സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം നടത്തിയിരുന്നു. ഇതിൽ കണ്ടക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസും കേസ് എടുത്തിട്ടുണ്ട്. ഇയാൾ മുൻപും വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണെന്നാണ് വിവരം.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവിനെ സുരേഷ് മർദ്ദിച്ചത്. സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണനാണ് മർദ്ദനമേറ്റത്. ബന്ധുവായ യുവതിയ്‌ക്കൊപ്പം ഒരേ സീറ്റിൽ ഇരുന്നതിന്റെ പേരിലായിരുന്നു മർദ്ദനം. ഇരുവരും ഒന്നിച്ചിരുന്നത് കണ്ട യുവാവിനോട് കണ്ടക്ടർ മാറിയിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവാവ് വിസമ്മതിച്ചു. ഇതോടെ കണ്ടക്ടർ ചെവിയിൽ അസഭ്യം പറഞ്ഞുവെന്നാണ് ഋതിക് കൃഷ്ണൻ പറയുന്നത്. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെയായിരുന്നു മർദ്ദനമെന്നും യുവാവ് വ്യക്തമാക്കി. സംഭവത്തിൽ യുവാവ് നൽകിയ പരാതിയിൽ കാട്ടാക്കട പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post