ജയ്പൂർ : കാമുകിയുടെ നിരന്തരമായ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. രാംഗഞ്ച് സ്വദേശിയായ പുഷ്‌പേന്ദ്ര എന്ന കേശവിനെ ആണ് വീട്ടിൽ തൂങ്ങിമരച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൊബൈലിൽ കാമുകിയുടെ 30 ഓളം മിസ്ഡ് കോളുകളും കണ്ടെത്തി.
ജൂലൈ 20 നാണ് ദാരുണമായ സംഭവം നടന്നത്. പുറത്ത് പോയി തിരിച്ചെത്തിയ വീട്ടുകാർ കേശവിന്റെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കേശവിന്റെ കാമുകിയാണ് ഇതിനെല്ലാം കാരണം എന്ന് കുടുംബം ആരോപിച്ചു. അഞ്ച് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ യുവതി അടുത്തിടെയായി കേശവിനെ ഭീഷണിപ്പെടുത്താനും നിയന്ത്രിക്കാനും ആരംഭിച്ചു.
കേശവ് സുഹൃത്തുക്കളെ കാണുന്നതിനെയും അവരുമായി കൂട്ടുകൂടുന്നതിനെയും യുവതി വിലക്കി. ഇതോടെ പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവാവ് ശ്രമിച്ചു. യുവതിയെ ഒഴിവാക്കാൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും പോംവഴി തേടിയെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് ഇയാൾ കാമുകിയെ എങ്ങനെ ഒഴിവാക്കാം എന്ന് ഗൂഗിളിലും തിരഞ്ഞു.
ഈ ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കേശവിന് കുറേയേറെ ബാധ്യതകൾ ഉണ്ടായിരുന്നുവെന്നും ഇത് തിരിച്ചടയ്ക്കാൻ സാധിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്നുമാണ് കാമുകി പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Discussion about this post