കൊല്ലം: ബാല്യം സുരക്ഷിതമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. എന്നാൽ കേരളം പീഡനപരമ്പരകളുടെ ആസ്ഥാനമായി മാറുന്ന തരത്തിലാണ് ഇവിടെ ഭരണനിർവഹണം നടക്കുന്നതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് വനിതാ വിഭാഗം സംസ്ഥാന ജോയിൻ കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത് പറഞ്ഞു. ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊല ചെയ്ത സംഭവത്തിൽ പ്രതിഷേധാഗ്നി തെളിയിക്കവെ ആയിരുന്നു അവരുടെ പ്രതികരണം.
സ്ത്രീത്വത്തെ പീഡന പരമ്പരകൾക്ക് എറിഞ്ഞു കൊടുക്കുകയാണ്. അക്രമം കാണിക്കുന്ന പ്രതികളെ ചെല്ലും ചെലവും കൊടുത്ത് സുമുഖന്മാരാക്കി ജയിലിൽ നിന്നിറക്കി പൊതുമധ്യത്തിൽ അഴിച്ചുവിടുകയാണ് ആഭ്യന്തരവകുപ്പ്. വേട്ടക്കാരനെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അവർ പറഞ്ഞു.
ഇത്തരം സമീപനം കൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പരമ്പര കളായി കേരളത്തിൽ സംഭവിക്കുന്നത്. തക്കതായ ശിക്ഷ നൽകിയാൽ മാത്രമേ ഇത് അവസാനിപ്പിക്കാൻ ആകൂ. അന്യസംസ്ഥാന തൊഴിലാളികളെ യാതൊരു രേഖകളും വ്യവസ്ഥകളും ഇല്ലാതെയാണ് പാർപ്പിക്കുന്നത്. ഇതും സർക്കാർ ഗൗരവമായി കാണേണ്ടതുണ്ടെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് ഓർമ്മിപ്പിച്ചു.
സർക്കാരിൻറെ വരുമാന മാർഗമായി കള്ള് കച്ചവടവും ലഹരി കടത്തും മാറിയിരിക്കുന്നു. വരുന്ന തലമുറയെ സാമൂഹ്യവിപത്തുകളാക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും ധനലക്ഷ്മി വിരിയറഴികത്ത് പറഞ്ഞു.
ദേശീയ അദ്ധ്യാപക പരിഷത്ത് കൊല്ലം ജില്ലാ വനിതാ വിഭാഗം ജോയിൻകൺവീനർ ദിവ്യ എസ് അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് പാറങ്കോട് ബിജു, ജില്ലാ ജനറൽ സെക്രട്ടറി എസ് കെ ദിലീപ് കുമാർ ,ജില്ലാ സെക്രട്ടറി കെ ആർ സന്ധ്യ, പി എസ് ശ്രീജിത്ത്, ട്രഷറർ എ അനിൽകുമാർ, പി കെ മോളി, അഖില എൻ എ , ധന്യ ടി ആർ, പാർവ്വതി എസ്, അനില കുമാരി തുടങ്ങിയവർ സംസാരിച്ചു.
Discussion about this post