കൊച്ചി: ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ കൊച്ചിയിലും പ്രതിഷേധം. കടവന്ത്ര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കടവന്ത്ര എൻഎസ്എസ് കരയോഗം ഹാളിൽ നിന്ന് മന്നത്ത് പത്മനാഭന്റെയും ഗണപതിയുടെയും ചട്ടമ്പി സ്വാമിയുടെയും കൂറ്റൻ ഛായാചിത്രങ്ങളുമായി നാമജപ യാത്ര നടത്തിയ ഭക്തർ അടുത്തുളള കടവന്ത്ര ദേവീക്ഷേത്രത്തിലെത്തി തേങ്ങയുടച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കരയോഗം ഹാളിൽ നടന്ന പ്രതിഷേധ യോഗം കൊച്ചി കണയന്നൂർ താലൂക്ക് എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റ് രമേശൻ നായർ ഉദ്ഘാടനം ചെയ്തു. ഗണേശ സ്തുതിയോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കർ വിശ്വാസികളോട് മാപ്പ് പറയണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കരയോഗം പ്രസിഡന്റ് മധു എടനാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പി അനിൽകുമാർ, വനിതാ സമാജം സെക്രട്ടറി എൻ.പി രാജേശ്വരി, എൽഡേഴ്‌സ് ഫോറം കൺവിനർ വാസു കുട്ടൻപിള്ള എന്നിവർ സംസാരിച്ചു. രാവിലെ കരയോഗം ഭാരവാഹികളും വനിതാ സമാജം, സ്വാശ്രയ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഗണപതിക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുകയും ചെയ്തിരുന്നു.
വിവാദ പ്രസ്താവന നടത്തിയ സ്പീക്കർ ഹിന്ദു സമൂഹത്തോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ എൻഎസ്എസ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു കരയോഗാംഗങ്ങൾ നാമജപ പ്രതിഷേധവുമായി ഇറങ്ങിയത്. ഹിന്ദുക്കളെ അവഹേളിച്ച സ്പീക്കർ മാപ്പുപറയുക തന്നെ വേണമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ അടക്കമുളള വിശ്വാസികൾ ആവശ്യപ്പെട്ടു.
Discussion about this post