വിഘ്‌നങ്ങൾ അകറ്റുന്ന ഈശ്വരൻ അധവാ വിഘ്‌നേശ്വരൻ. വിഘ്‌നങ്ങളും തടസ്സങ്ങളും അകറ്റാൻ ഹൈന്ദവ വിശ്വാസികൾ ആരാധിക്കുന്ന ദൈവമാണ് വിഘ്‌നേശ്വരൻ. കേരളത്തിൽ ഗണപതി ഇല്ലാത്ത ക്ഷേത്രങ്ങൾ ഇല്ലെന്നു തന്നെ പറയാം. എല്ലാ ക്ഷേത്രങ്ങളിലും ഉപദേവനായി ഗണപതിയെയാണ് പ്രതിഷ്ഠിക്കാറുള്ളത്. പ്രധാന പ്രതിഷ്ഠയേക്കാൾ ഗണപതിക്ക് പ്രാമുഖ്യമുള്ള ക്ഷേത്രങ്ങളും ഉണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം.
കൊല്ലം കൊട്ടാരക്കരയിലാണ് പ്രസിദ്ധമായ ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരമശിവനാണ് ഇവിടെ മുഖ്യപ്രതിഷ്ഠയെങ്കിലും ബാല ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. പെരുന്തച്ചനാണ് ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഗണേശചതുർഥി ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. ഇവിടുത്തെ ഉണ്ണിയപ്പം പ്രസിദ്ധമാണ്. പ്രധാന വഴിപാടും ഉണ്ണിയപ്പം തന്നെയാണ്.
മഥൂർ ക്ഷേത്രം
കാസർകോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മഥൂർ ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ ശിവനാണെങ്കിലും ഗണപതിയുടെ പേരിലാണ് ഇതും അറിയപ്പെടുന്നത്. അനന്തേശ്വര വിനായക ക്ഷേത്രം എന്നാണ് പേര്. ഇവിടുത്തെ ഗണേഷ വിഗ്രഹം ദിവസം തോറും വളരുന്നുണ്ടെന്നാണ് വിശ്വാസം. പച്ച അപ്പവും ഉണ്ണിയപ്പവുമാണ് പ്രധാന പ്രസാദങ്ങൾ. ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന മൂടപ്പസേവ എന്ന ഉത്സവം ഇവിടെ നടത്തിവന്നിരുന്നു. എന്നാൽ ഭീമമായ ചെലവ് കാരണം ഇപ്പോൾ ഇത് നടത്താറില്ല.
വാഴപ്പള്ളി മഹാദേവർ ക്ഷേത്രം
കോട്ടയം ചങ്ങനാശ്ശേരിയിലാണ് വാഴപ്പള്ളി മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരമശിവനോടൊപ്പം ഗണപതിയെയും ഇവിടെ ആരാധിക്കുന്നു. പരശുരാമനാണ് വിഗ്രഹം പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.
പഴവങ്ങാടി ഗണപതി ക്ഷേത്രം
തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്താണ് പഴവങ്ങാടി ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഴയിൽ നിന്നും കിട്ടിയ ബാലഗണപതി വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നാളികേരം ഉടയ്ക്കുന്നതാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.
ധർമ്മശാസ്താവ്, നാഗം, രക്ഷസ്, ദുർഗ്ഗ എന്നിവരാണ് ഉപദേവതമാർ. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നിർമാണം.
തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
പാലക്കാട് ഭാരതപ്പുഴയുടെ തീരത്താണ് തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വാസം. ഇവിടുത്തെ ഉപദേവതകളിൽ ഒന്ന് ഗണപതിയാണ്. ക്ഷേത്രത്തിൽ ശിവനോടൊപ്പം സുദർശനമൂർത്തിയ്ക്കും മഹാവിഷ്ണുവിനും പാർവ്വതി ദേവിക്കും ഗണപതിക്കും തുല്യപ്രാധാന്യമാണുള്ളത്. വനവാസക്കാലത്ത് പാണ്ഡവർ ഇവിടെ താമസിക്കുകയും ഇവിടെ പ്രതിഷ്ഠ നടത്തുകയും ചെയ്തുവെന്നും വിശ്വസമുണ്ട്.
മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം
കോട്ടയം ജില്ലയിലെ കുറുപ്പന്തറയിലാണ് മള്ളിയൂർ ശ്രീമഹാഗണപതി ക്ഷേത്രമുള്ളത്. ഗണപതിയുടെ മടിയിൽ കഥകേട്ടിരിക്കുന്ന ഉണ്ണിക്കണ്ണൻ ആണ് പ്രതിഷ്ഠ. ക്ഷേത്രത്തിലെ മഹാഗണപതി ക്ഷിപ്രപ്രസാദിയാണ്. ഗണപതിഹോമം തന്നെയാണ് മള്ളിയൂരിലെയും പ്രധാന വഴിപാട്. മുക്കുറ്റി പുഷ്പാഞ്ജലിയാണ് ക്ഷേത്രത്തിലെ മറ്റൊരു വഴിപാട്. വേരോടെ പിഴുതെടുത്ത 108 മുക്കുറ്റികൾ ഉപയോഗിച്ചാണ് ഈ വഴിപാട് നടത്തുക.
Discussion about this post