തിരുവനന്തപുരം: ആർട്‌സ് ആന്റ് സയൻസ് കോളേജിലെ പ്രിൻസിപ്പാൾ നിയമനവുമായി ബന്ധപ്പെട്ട പരാതി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ ട്രിബ്യൂണലിന് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. പ്രിൻസിപ്പാൾ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ടെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ട്രിബ്യൂണൽ പരാതി പരിഹരിക്കുന്നത്.
പ്രിൻസിപ്പാൾ നിയമനവുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ അഡീഷനൽ സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനോട് ഹാജരാക്കാനായിരുന്നു ട്രിബ്യൂണലിന്റെ നിർദ്ദേശം. അന്തിമപട്ടിക കരട് പട്ടികയാക്കാൻ ഉന്നതവിദ്യാസ മന്ത്രി നിർദ്ദേശിച്ചുള്ള ഫയൽ, സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടിക ഡിപ്പാർട്ട്‌മെൻറൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ചതിന്റെ മിനുട്‌സ് എന്നിവ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ രേഖൾ വിശദമായി പരിശോധിച്ചതിന് ശേഷമാകും ട്രിബ്യൂണൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
പ്രിൻസിപ്പാൾ നിയമനവുമായി ബന്ധപ്പെട്ട സെലക്ഷൻ കമ്മിറ്റിയുടെ പട്ടിക കരട് ആയി പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ചുകൊണ്ടായിരുന്നു മന്ത്രി ഇടപെടൽ നടത്തിയത്. ഇത് പട്ടികയിൽ നിരവധി അനർഹർ കയറിക്കൂടുന്നതിലേക്കും, ഇതുവഴി പട്ടിക അട്ടിമറിയ്ക്കപ്പെടുന്നതിനും കാരണമായി. ഈ സാഹചര്യത്തിൽ അർഹതയുള്ളവർ ആയിരുന്നു പരാതിയുമായി രംഗത്തുവന്നത്.
ഇതോടെ പ്രിൻസിപ്പാൾ നിയമനം അനിശ്ചിതത്വത്തിലായി. ഇതിനിടെയാണ് മന്ത്രി നിയമനത്തിൽ ഇടപെട്ടതായുള്ള വിവരം പുറത്തുവരുന്നത്. മന്ത്രിയുടെ ഇടപെടൽ വ്യക്തമായതോടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. അതേസമയം പരാതി തീർപ്പാക്കാനായിരുന്നു ഇടപടെലെന്നായിരുന്നു ആർ ബിന്ദുവിന്റെ വിശദീകരണം.
Discussion about this post