എറണാകുളം: പുറയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ
വിവിധ ഭാഷാ തൊഴിലാളികൾ പിടിയിൽ. ബിഹാർ സ്വദേശികളായ രണ്ട് യുവാക്കളാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
രാത്രി ഏഴരയോടെയായിരുന്നു ഇവരെ പോലീസ് പിടികൂടിയത്. 13, 17 ഉം വയസുള്ള കുട്ടികളുമായാണ് ബിഹാർ സ്വദേശികൾ പുറയാറിൽ എത്തിയത്. ഇവിടെ വിവിധ ഭാഷാ തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡിലായിരുന്നു കുട്ടികളെ എത്തിച്ചത്. പെൺകുട്ടികൾ സ്‌കൂൾ യൂണിഫോമിൽ ആയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അവിടെ താമസിക്കുന്ന വിവിധ ഭാഷാ തൊഴിലാളികൾ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.
നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ പോലീസ് യുവാക്കളെയും പെൺകുട്ടികളെയും ചോദ്യം ചെയ്തു. ഇതിന് ശേഷം ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബംഗാൾ സ്വദേശികളാണ് പെൺകുട്ടികൾ. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
Discussion about this post