തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ പ്രതിയായ മുൻ മുൻ സബ് ജഡ്ജികോടതിയിൽ കീഴടങ്ങി. മുൻ സബ് ജഡ്ജിഎസ്. സുദീപ് ആണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. സംഭവത്തിൽ നേരത്തെ സുദീപിനെതിരെ പോലീസ് കേസ് എടുത്തിരുന്നു.
ഉച്ചയോടെയായിരുന്നു ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ സുദീപ് ഹാജരായത്. കേസിൽ ജാമ്യം ആവശ്യപ്പെട്ട് ഹർജിയും നൽകിയിട്ടുണ്ട്. ഹർജിയിൽ അന്വേഷണ സംഘത്തോട് കോടതി മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷമാകും തുടർനടപടികൾ തീരുമാനിക്കുക.
മാദ്ധ്യമ പ്രവർത്തക ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജിംഗ് എഡിറ്ററാണ് സംഭവത്തിൽ പരാതി നൽകിയത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് പരാതിയിൽ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ആയിരുന്നു ചുമത്തിയിരുന്നത്. കേസ് എടുത്തതിന് പിന്നാലെ നാളെ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് കീഴടങ്ങൽ. കഴിഞ്ഞ മാസം 28 നായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തത്.
ഫേസ്ബുക്കിലൂടെയായിരുന്നു സുദീപ് മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ചത്. ജൂലൈ ഒൻപതിനായിരുന്നു അധിക്ഷേപം. സംഭവത്തിൽ സുദീപിനെതിരെ ശക്തമായ പ്രതിഷേധവുമായി മാദ്ധ്യമ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു.
Discussion about this post