പത്തനംതിട്ട: ഹിന്ദു ദൈവങ്ങളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ സന്ദീപാനാന്ദ ഗിരിയ്‌ക്കെതിരെ പോലീസിൽ പരാതി. പത്തനംതിട്ട കല്ലറക്കടവ് സ്വദേശി മനോജ് ആണ് പരാതി നൽകിയത്. പോസ്റ്റ് ഹിന്ദു വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നത് ആണെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
പത്തനംതിട്ട പോലീസ് സുപ്രണ്ടിനാണ് പരാതി നൽകിയിരിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങളെയും ഗണപതി ഭഗവാനെയും പാർവ്വതി ദേവിയെയും സന്ദീപാനന്ദഗിരി മോശമായ രീതിയിലാണ് സമൂഹമാദ്ധ്യമത്തിൽ ചിത്രീകരിച്ചിരിക്കുന്നത് എന്ന് പരാതിയിൽ പറയുന്നു. ഇത് കോടാനുകോടി ഹൈന്ദവ ഭക്തരുടെ മനസ്സിനെ മുറിവേൽപ്പിക്കുകയും, സമൂഹത്തിൽ മതസ്പർദ്ധയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അതിനാൽ നിയമ നടപടി സ്വീകരിക്കണം.
ഇതിന് മുൻപും പല തവണ അദ്ദേഹം ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇടുകയും വിവാദമായപ്പോൾ പിൻവലിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്ന പോസ്റ്റിന്റെ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപാനന്ദഗിരി ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സന്ദീപാനന്ദഗിരി രംഗത്ത് എത്തിയത്. ഗണപതി ഭഗവാൻ മിത്താണെന്ന് പരാമർശിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെയായിരുന്നു അധിക്ഷേപം.’ ഓം വിഘ്‌നേശ്വരായ നമഃ
പണ്ട് കോട്ടയം NSS ലെ കുട്ടികളോട് ഗണപതിയുടെ തല പോയി ആനയുടെ തല വന്ന കഥ പറഞ്ഞു കൊടുത്തപ്പോൾ ശാസ്ത്രബോധം ഉള്ള ഒരു നായരുകുട്ടി പറഞ്ഞു ;
പാർവതി ദേവിയുടെ കുളിമുറിയുടെ വാതിലിന് കുറ്റിയില്ലാത്തതാണ് ഇതിനെല്ലാം കാരണമെന്ന്!’- ഇങ്ങനെയായിരുന്നു സന്ദീപാനന്ദഗിരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
Discussion about this post