തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ തുടർച്ചയായി അവഹേളിക്കുന്നത് സിപിഎമ്മിന്റെ സംസ്‌കാരമാണെന്ന് ശിവഗിരി മഠം. ഹൈന്ദവ വിരുദ്ധ പരാമർശം വിശ്വാസികളെ മുറിവേൽപ്പിച്ചിട്ടുണ്ട് എങ്കിൽ സ്പീക്കർ എഎൻ ഷംസീർ ഖേദം പ്രകടിപ്പിക്കണം. വിശ്വാസികൾ പ്രതിഷേധിക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ലെന്നും ശിവഗിരി ധർമ്മ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഷംസീർ മതേതര വിശ്വാസി ആണെന്നാണ് ഉറക്കെ പ്രഖ്യാപിക്കുന്നത്. അദ്ദേഹം പറഞ്ഞകാര്യം വിശ്വാസികളുടെ മനസ്സിനെ മുറിവേൽപ്പിച്ചു. അങ്ങനെ വരാൻ പാടില്ലായിരുന്നു. ആ സ്ഥിതിയ്ക്ക് അദ്ദേഹം ഖേദം പ്രകടിപ്പിക്കേണ്ടതുണ്ട്. അത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. പരാമർശം വിശ്വാസികളുടെ മനസ്സിന് വേദനയുണ്ടാക്കി. അതുകൊണ്ടുതന്നെ അവർ പ്രതിഷേധിച്ചു. അതിൽ അവരെ തെറ്റ് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി,
സിപിഎമ്മിന് പാർട്ടിയുടേത് ആയ വിശ്വാസങ്ങൾ ഉണ്ട്. എന്നാൽ അതിന്റെ പേരിൽ മറ്റൊരു വിഭാഗത്തിന് വിഷമം ഉണ്ടാകുന്നു എങ്കിൽ അതിൽ പ്രതിഷേധിക്കും. വാസ്തവത്തിൽ വിഷയം സമരസപ്പെടുത്തേണ്ടതുണ്ട്.
തുടർച്ചയായി ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നുണ്ട് എങ്കിൽ അത് അവരുടെ സംസ്‌കാരവും മനോനിലയും ആണ്. അതിൽ കൂടുതൽ ഒന്നും പറയാൻ സാധിക്കില്ല. എല്ലാ മതങ്ങളെയും അവരുടെ ചര്യകളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് ശിവഗിരിമഠത്തിന്റേത്. ഗണപതിയെ മിത്ത് രൂപത്തിലാണ് കാണേണ്ടത് എന്ന പരാമർശം സൂക്ഷിച്ചായിരുന്നു അദ്ദേഹം നടത്തേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post