കൊച്ചി: ഗണപതി മിത്ത് ആണെന്ന അഭിപ്രായം പരസ്യമായി പറഞ്ഞ ശേഷം മലക്കം മറിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ട്രോളി സംവിധായകനും നടനുമായ ജോയ് മാത്യു. മിത്തിനോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച സയന്റിഫിക് റ്റെമ്പറിനു ആദരാഞ്ജലികൾ നേർന്നാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട് മാറ്റത്തെ ജോയ് മാത്യു ട്രോളിയത്.
ഗണപതി മിത്ത് ആണെന്നും അത് ഞങ്ങളുടെ നിലപാടാണെന്നും ഷംസീറിന്റെ പ്രസ്താവനയിൽ മാപ്പ് പറയില്ലെന്നും തിരുത്താനില്ലെന്നും കഴിഞ്ഞ ദിവസം എംവി ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിറ്റേന്ന് ഡൽഹിയിൽ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് ആയിരുന്നു ഗോവിന്ദന്റെ പ്രതികരണം.
ഗണപതി മിത്താണെന്ന് പറയുന്നതുപോലെ അളളാഹു മിത്താണെന്ന് പറയാൻ തയ്യാറാകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് രണ്ടും രണ്ട് കാര്യമാണെന്നും താരതമ്യം ചെയ്യാനാകില്ലെന്നും ആയിരുന്നു മറുപടി ഏകദൈവത്തിന്റെ പ്രത്യേക തലമാണ് മുസ്ലീങ്ങൾ കൈകാര്യം ചെയ്യുന്നത്. ഹിന്ദുക്കൾക്ക് ലക്ഷക്കണക്കിന് ദൈവങ്ങളുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.
കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടന്ന സ്‌കൂൾ കുട്ടികളുടെ പരിപാടിയിൽ ശാസ്ത്രവും മിത്തും താരതമ്യം ചെയ്ത് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ഹൈന്ദവ ദൈവങ്ങൾ മിത്താണെന്നും കുട്ടികൾ പഠിക്കേണ്ടത് ശാസ്ത്രമാണെന്നുമായിരുന്നു ഷംസീറിന്റെ വാക്കുകൾ. പ്രസ്താവനയ്‌ക്കെതിരെ എൻഎസ്എസ് അടക്കമുളള സമുദായ സംഘടനകളും ഹൈന്ദവ സന്യാസിമാരും ബിജെപിയും പരസ്യമായി രംഗത്തെത്തി.
നാമജപയാത്ര ഉൾപ്പെടെ നടത്തി എൻഎസ്എസ് പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങി. നാമജപയാത്ര നടത്തിയ എൻഎസ്എസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തതും വിശ്വാസികൾക്കിടയിൽ പ്രതിഷേധം വീണ്ടും ശക്തമാക്കി. ഇതോടെയാണ് താനും ഷംസീറും ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് എംവി ഗോവിന്ദൻ മലക്കം മറിഞ്ഞത്. എന്നാൽ ഗണപതി മിത്താണെന്ന് തുറന്നുപറയുന്ന എംവി ഗോവിന്ദന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഇരട്ടത്താപ്പ് സമൂഹമാദ്ധ്യമങ്ങളിലടക്കം വിശ്വാസികൾ പൊളിച്ചടുക്കുകയും ചെയ്തു.
വിവാദത്തിൽ കഴിഞ്ഞ ദിവസവും ജോയ് മാത്യു അഭിപ്രായം കുറിച്ചിരുന്നു. കമ്യൂണിസത്തോളം വരില്ല ഒരു മിത്തും എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് മലക്കം മറിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയെ ട്രോളിയും അദ്ദേഹം രംഗത്തെത്തിയത്.
Discussion about this post